ഒരുനല്ല കോളുതാ കടലമ്മേ...

പൂന്തുറ: ട്രോളിങ് നിരോധ കാലാവധി തീരാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കേ ചാകരക്കോള് പ്രതീക്ഷിച്ച തീരത്തിന് വറുതി മാത്രം ബാക്കി. സംസ്ഥാനത്ത് ട്രോളിങ് നിരോധം ആരംഭിക്കുന്ന ജൂണ്‍ 14 മുതല്‍ 45 ദിവസം ജില്ലയുടെ തീരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മുമ്പ് ചാകരക്കാലമായിരുന്നു. ഇത്തവണ ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാല്‍ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പരമ്പരാഗത മത്സ്യമേഖല പട്ടിണിയിലാണ്. ഇതു മുതലാക്കി തമിഴ്നാട്ടില്‍നിന്ന് മായം കലര്‍ത്തി എത്തുന്ന മത്സ്യങ്ങള്‍ വിപണി കൈയടക്കുന്നുമുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നവരില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരോധ കാലത്ത് എന്‍ജിന്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളിലും കമ്പവലയും തട്ട്മടിയും ചാളത്തടിയുമായി കടലില്‍പോകുന്നതുമായ നൂറുകണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് നിരാശയിലായിരിക്കുന്നത്. തുറമുഖത്തിനായി വിഴിഞ്ഞത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ഇനിയൊരു വിഴിഞ്ഞം മത്സ്യബന്ധന സീസണ്‍ ഉണ്ടാകുമോ എന്നുപറയാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ചൊവ്വര ഭാഗത്ത് കടലില്‍ നടത്തിയ ഡ്രെഡ്ജിങ് കാരണം തീരത്ത് ആവാസം ഉറപ്പിച്ചിരുന്ന മത്സ്യങ്ങള്‍ ഉള്‍ക്കടലിലേക്ക് വലിഞ്ഞത് വിഴിഞ്ഞം സീസണ് കനത്ത തിരിച്ചടിയായി. ഇതിനുപുറമേ ട്രോളിങ് നിരോധത്തിന് ശേഷം കടലില്‍ ഇറങ്ങുന്ന വലിയ ബോട്ടുകള്‍ മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരം നിരോധിച്ച പെലാജികട്രോള്‍ നെറ്റ്, മിഡ്വാട്ടര്‍ ട്രോള്‍നൈറ്റ് പോലുള്ള വലകള്‍ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനമാണ് പരമ്പരാഗത മത്സ്യലഭ്യത കുറയാന്‍ മറ്റൊരുകാരണം. കണവ പോലുള്ള മത്സ്യങ്ങളെ തീരക്കടലില്‍ നിര്‍ത്താനായി മാസങ്ങള്‍ക്കുമുമ്പേ കടലില്‍ കെട്ടിത്താഴ്ത്തുന്ന ക്നാഞ്ഞില്‍ പോലുള്ള പരമ്പരാഗത മത്സ്യബന്ധനരീതികളെ വലിയ ബോട്ടുകള്‍ നശിപ്പിക്കുന്നതും മത്സ്യക്കുഞ്ഞുങ്ങളെ വാരി തീറ്റക്കമ്പനികള്‍ക്ക് നല്‍കുന്നതും തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.