മാലിന്യം കുന്നുകൂടി വെഞ്ഞാറമൂട് ബസ് സ്റ്റാന്‍ഡ്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ടൗണിലെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി സ്വകാരയ ബസ് സ്റ്റാന്‍ഡ് പരിസരം നാറുന്നു. തെരുവ്നായ്ക്കള്‍ക്കും കാക്കകള്‍ക്കും ഒപ്പം മാലിന്യത്തില്‍നിന്ന് ആഹാരം തിരയുന്ന യാചകരും ഇവിടത്തെ നിത്യകാഴ്ചയാണ്. ജൈവ, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഒന്നിച്ച് നിക്ഷേപിക്കുന്നതിനാല്‍ ഇവ ദിവസങ്ങളോളം അഴുകാതെ കിടക്കുന്നു. മാലിന്യം നിക്ഷേപിക്കുന്നത് കാരണം സ്റ്റാന്‍ഡ് പരിസരം നായ്ക്കളുടെ താവളമായി. മാലിന്യം കാക്കകള്‍ കൊത്തി സമീപത്തെ കിണറുകളില്‍ ഇടുന്നതായും പരാതിയുണ്ട്. പെരുകുന്ന കൊതുകും ഈച്ചയും നാട്ടില്‍ പകര്‍ച്ചവ്യാധി പടര്‍ത്താനുള്ള സാധ്യതയും നെല്ലനാട് പഞ്ചായത്തും ആരോഗ്യവകുപ്പും കണ്ടില്ളെന്നുനടിക്കുകയാണ്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരമാണെങ്കിലും കൈക്കൂലി കിട്ടുന്നതിനാല്‍ അധികൃതര്‍ നടപടി എടുക്കുന്നില്ല. മാസം മൂവായിരം രൂപ നല്‍കിയാല്‍ കടകളില്‍നിന്ന് മാലിന്യം കൊണ്ടുപോകുന്നവര്‍ ഉണ്ടത്രേ. മാലിന്യം തള്ളാന്‍ പൊതുസ്ഥലം ഉള്ളപ്പോള്‍ പണം പാഴാക്കുന്നതെന്തിനെന്ന നിലപാടിലാണ് കച്ചവടക്കാര്‍. കാല്‍ക്കോടി ചെലവില്‍ വെഞ്ഞാറമൂട് ചന്തയില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്‍റ് പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയാത്തതും ഉറവിട മാലിന്യ സംസ്കരണം കര്‍ശനമായി നടപ്പാക്കാന്‍ പഞ്ചായത്ത് തയാറാകാത്തതും മാലിന്യം കുമിഞ്ഞുകൂടാന്‍ ഇടയാക്കി. നേരത്തേ കിഴക്കേ റോഡില്‍ ഓട്ടോ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചായിരുന്നു മാലിന്യം നിക്ഷേപിച്ച് കത്തിച്ചിരുന്നത്. അതിനെ പഞ്ചായത്ത് വിലക്കിയതോടെ എല്ലാ മാലിന്യവും ബസ് സ്റ്റാന്‍ഡില്‍ എത്തി. ഉറവിട മാലിന്യസംസ്കരണത്തെക്കുറിച്ച് പരിശീലനം ലഭിച്ചതായും മാലിന്യനിക്ഷേപകര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സുജിത്ത് എസ്.കുറുപ്പ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.