സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി വെണ്‍കുളം ചന്ത

വര്‍ക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ ഏക പൊതു ചന്ത സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്നു. ഇത്തിരിവട്ടത്തിനുള്ളില്‍ ഞെങ്ങിഞെരുങ്ങി കച്ചവടക്കാരും നാട്ടുകാരും വീര്‍പ്പുമുട്ടുമ്പോഴും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞുനോക്കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. പഞ്ചായത്തിന്‍െറ അധീനതയിലുളള ചന്തക്ക് 22 സെന്‍റ് സ്ഥലമാണുണ്ടായിരുന്നത്. ഇതില്‍ 10 സെന്‍റ് ജല അതോറിറ്റിക്ക് കൈമാറി. അര്‍ബന്‍ വാട്ടര്‍ സപൈ്ള സ്കീമിന്‍െറ ഭാഗമായി ഓവര്‍ ഹെഡ് ടാങ്ക് സ്ഥാപിക്കുന്നതിനായാണ് സ്ഥലം കൈമാറിയത്. കൈമാറ്റ വേളയില്‍ പഞ്ചായത്ത് ചില ഉപാധികള്‍ മുന്നോട്ടുവെക്കുകയും അവയെല്ലാം ജല അതോറിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു. അതായത് ചന്തക്കുള്ളില്‍ നിന്ന് നല്‍കുന്ന സ്ഥലം നിര്‍മിക്കുന്ന ഓവര്‍ ഹെഡ് ടാങ്കിന് കീഴിലും മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുമെന്നും ടാങ്കിന് ചുറ്റുമതില്‍ നിര്‍മിക്കരുതെന്നുമായിരുന്നു ഉപാധികള്‍. എന്നാല്‍, ടാങ്ക് കമീഷന്‍ ചെയ്തു കഴിഞ്ഞതോടെ വാട്ടര്‍ അതോറിറ്റിയുടെ സ്വഭാവം മാറി. അവര്‍ ഏകപക്ഷീയമായി ചുറ്റുമതില്‍ കെട്ടി ഗേറ്റിട്ട് പൂട്ടി. ഇതോടെ ചന്ത വെറും 12 സെന്‍റിനുള്ളിലായി ഒതുങ്ങി. നൂറുകണക്കിന് കച്ചവടക്കാരാണ് ദൈനംദിനം മാര്‍ക്കറ്റിലത്തെുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന നാട്ടുകാരുടെ എണ്ണത്തിലും വലിയ വര്‍ധനയാണുള്ളത്. തന്മൂലം ചന്തക്കുള്ളിലെ തിരക്ക് പറഞ്ഞറിയിക്കാന്‍ വയ്യാത്ത വിധമാണ്. തിരക്കുമൂലം കുറെ കച്ചവടക്കാര്‍ റോഡിലേക്കിറങ്ങും. വെണ്‍കുളം ജങ്ഷനില്‍നിന്ന് കാപ്പില്‍ എച്ച്.എസ് വരെ പോകുന്ന റോഡ് മിക്കപ്പോഴും നല്ല തിരക്കിലാവും. ഇതിനിടയില്‍ തിരക്കുമൂലം ചന്ത റോഡിലേക്കിറങ്ങുക കൂടി ചെയ്തപ്പോള്‍ ജങ്ഷന്‍ ശരിക്കും അപകട ഭീഷണിയിലായി. രാവിലെ എട്ടു മുതല്‍ ഒന്നുവരെ ചന്തകൂടി പിരിയും വരെയും ഇതുവഴിയുള്ള റോഡ് ഗതാഗതം ഏറെ ക്ളേശകരമായിട്ടുണ്ട്. വഴിയോരങ്ങളിലെ വാഹന പാര്‍ക്കിങ്ങും കൂടിയായപ്പോള്‍ കാല്‍നടയാത്രക്കാരും സ്കൂളിലേക്ക് പോകുന്ന കുട്ടികളും ഏറെ ക്ളേശിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.