നോട്ട് പ്രതിസന്ധിയില്‍ ക്രിസ്മസ് വിപണിയും തളര്‍ച്ചയില്‍

വര്‍ക്കല: നോട്ട് പിന്‍വലിക്കലിനേ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് ക്രിസ്മസ് വിപണിയും തളര്‍ച്ചയില്‍. ഗ്രീറ്റിങ് കാര്‍ഡുകള്‍, നക്ഷത്രങ്ങള്‍ എന്നിവ വന്‍തോതില്‍ വില്‍പന നടക്കുന്ന കാലമായിട്ടും വിപണിയില്‍ ഒരു ഉണര്‍വുമില്ളെന്നാണ് വ്യാപാരികള്‍ പറയുന്നത്. പേപ്പര്‍, കാര്‍ഡ് ബോര്‍ഡ് എന്നിവയില്‍ നിര്‍മിച്ച വിവിധ വര്‍ണങ്ങളിലുള്ളതും അല്ലാത്തതുമായ നക്ഷത്രങ്ങള്‍ക്കായിരുന്നു പ്രിയം. എന്നാലിക്കുറി പ്ളാസ്റ്റിക്, എല്‍.ഇ.ഡി, സി.എഫ്.എല്‍ നക്ഷത്രങ്ങളാണ് വിപണിയില്‍ ഏറെയും. പേപ്പര്‍ നക്ഷത്രങ്ങള്‍ 65 രൂപ മുതലുള്ളവയുണ്ട്. കാലുകളുടെ എണ്ണം വര്‍ധിക്കുന്നതിനുസരിച്ച് ഗുണമേന്മ അനുസരിച്ചും 150, 200, 350 രൂപ വരെ വിലയുള്ളവയുണ്ട്. ഊര്‍ജ ഉപഭോഗം കുറഞ്ഞ എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിച്ച നക്ഷത്രങ്ങളും പലവിധ ആകൃതിയിലും നിറത്തിലുമുള്ളവയും കടകളില്‍ എത്തിയിട്ടുണ്ട്. ഗ്രീറ്റിങ് കാര്‍ഡുകളുടെ വിപണി ഇനിയും വര്‍ക്കല മേഖലയില്‍ ഉണര്‍ന്നിട്ടില്ല. ഇതര വ്യാപാര രംഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ആവശ്യക്കാര്‍ എത്തുന്നത് പഴം, പച്ചക്കറി കടകളിലാണ്. മണ്ഡലകാലത്ത് സാധരണ പച്ചകറികള്‍ക്ക് വില ഉയരുമെങ്കിലും ഇക്കുറി നോട്ട് പ്രതിസന്ധിമൂലം വില കുറയുകയായിരുന്നു. സവാള, തക്കാളി, പച്ചമുളക്, വെണ്ട, പാവല്‍ എന്നിവയൊക്കെ വില കുത്തനെ ഇടിഞ്ഞു. എന്നാല്‍ പഴം, ആപ്പിള്‍, ഓറഞ്ച് എന്നിവയുടെ വില സാധാരണപോലെ തന്നെയാണ്. പലചരക്കു കടകള്‍, ടെക്സ്റ്റൈല്‍സുകള്‍, ഹോം അപ്ളയന്‍സ് സ്ഥാപനങ്ങള്‍, സ്വര്‍ണക്കടകള്‍ എന്നിവിടങ്ങളിലും ആള്‍ത്തിരക്കൊന്നുമില്ല. പക്ഷേ, നാട്ടിന്‍പുറങ്ങളിലെ പലചരക്കു കടകളില്‍ സാധാരണ കളക്ഷന്‍ ഇപ്പോഴുമുണ്ട്. വന്‍കിട സ്ഥാപനങ്ങളുടെ ദൈനംദിന വില്‍പന കുത്തനെ ഇടിഞ്ഞു. സ്വര്‍ണത്തിന് വില കുറഞ്ഞിട്ടും വാങ്ങാന്‍ ആളുകള്‍ എത്താത്തത് സ്വര്‍ണ വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. പാപനാശം ടൂറിസം മേഖലയും അപ്പാടെ തകര്‍ന്ന സ്ഥിതിയിലാണ്. നവംബറില്‍ മൂന്നു മാസക്കാലത്തെ അവധിക്കാലം ആഘോഷിക്കാനത്തെിയവരെല്ലാം നോട്ട് നിരോധനത്തിന്‍െറ കഷ്ടതകളില്‍ കുരുങ്ങി ശ്രീലങ്കയിലേക്ക് പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.