ബീമാപള്ളിയില്‍ കടല്‍ക്ഷോഭം; വള്ളങ്ങള്‍ തകര്‍ന്നു

പൂന്തുറ: ബീമാപള്ളിയില്‍ കടല്‍ക്ഷോഭത്തില്‍ വള്ളം പൂര്‍ണമായും തകര്‍ന്നു. നിരവധി വള്ളങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ബീമാപള്ളി സ്വദേശി ഫാറൂഖിന്‍െറ വള്ളവും വലയുമാണ് പൂര്‍ണമായും തകര്‍ന്നത്. തീരത്ത് കയറ്റിവെച്ചിരുന്ന വള്ളങ്ങള്‍ക്ക് തിരയില്‍പെട്ട് കേടുപാട് പറ്റി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ജോനക പൂന്തുറ മുതല്‍ ബീമാപള്ളി വരെയുള്ള തീരദേശത്തേക്ക് ശക്തമായ തിര അടിച്ചുകയറാന്‍ തുടങ്ങിയത്. തീരത്ത് കയറ്റിവെച്ചിരുന്ന വള്ളങ്ങള്‍ പലതും കടലിലേക്ക് തിരയില്‍പെട്ട് പോയി. കടലിലേക്ക് ഇറങ്ങിയ വള്ളങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് തീരത്തേക്ക് വലിച്ചുകയറ്റിയത്. തീരത്തുനിന്ന് വള്ളങ്ങള്‍ റോഡിലേക്ക് മാറ്റി. ഇതിനിടെ തിരകളില്‍പെട്ട ഫാറൂഖിന്‍െറ വള്ളം കടലില്‍ കല്ലിലിടിച്ച് പൂര്‍ണമായും തകര്‍ന്നു. വള്ളത്തില്‍ സൂക്ഷിച്ചിരുന്ന വല കുരുങ്ങി ഉപയോഗിക്കാനാവാത്ത അവസ്ഥയിലായി. തകര്‍ന്ന വള്ളത്തിനും വലക്കുമായി നാലുലക്ഷം രൂപ നഷ്ടം വരും. വള്ളവും വലയും തകര്‍ന്ന വിവരം അറിയിച്ചിട്ടും റവന്യൂ, ഫിഷറീസ് അധികൃതര്‍ തീരത്തേക്ക് തിരിഞ്ഞുനോക്കിയില്ളെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഓരോ തവണ കടല്‍ക്ഷോഭിച്ച് തീരത്തേക്ക് തിരകള്‍ അടിച്ചുകയറി തീരം നഷ്ടമാകുന്ന അവസ്ഥയാണ് ബീമാപള്ളിയില്‍. ഇതില്‍നിന്ന് ശാശ്വത പരിഹാരം കാണാന്‍ ബീമാപള്ളിയില്‍ പുലിമുട്ടുകള്‍ വേണമെന്ന ആവശ്യം അധികൃതര്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ബീമാപള്ളിക്ക് അടുത്ത പ്രദേശമായ പൂന്തുറയില്‍ ശാസ്ത്രീയ പഠനം നടത്താതെ പുലിമുട്ടുകള്‍ സ്ഥാപിച്ചതാണ് ബീമാപള്ളി പ്രദേശത്തേക്ക് തിരകളുടെ ശക്തി കൂടാന്‍ കാരണം. കടല്‍ക്ഷോഭം ഉണ്ടാകുന്ന സമയത്ത് തിരകള്‍ തീരത്തേക്ക് ആഞ്ഞടിച്ച് വീടുകള്‍ ഉള്‍പ്പെടെ നേരത്തേ തകര്‍ത്തിരുന്നു. അടിയന്തരമായി പുലിമുട്ട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ബീമാപള്ളിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചതിനത്തെുടര്‍ന്ന് ബീമാപള്ളിയില്‍ പുലിമുട്ട് സ്ഥാപിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തുകയും പുലിമുട്ടിന്‍െറ ഉദ്ഘാടനവും തീരത്ത് നടത്തിയെങ്കിലും ഇത് ജലരേഖയായി തുടരുന്നു. ഇതിന്‍െറ ദുരിതം പേറുന്നത് നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.