ദീപക്കാഴ്ചയൊരുക്കി തൃക്കാര്‍ത്തിക ആഘോഷം

തിരുവനന്തപുരം: ദീപക്കാഴ്ചയൊരുക്കി തൃക്കാര്‍ത്തിക ആഘോഷം. തൃക്കാര്‍ത്തിക ദിനമായ തിങ്കളാഴ്ച ത്രിസന്ധ്യയില്‍ മണ്‍ചെരാതുകളില്‍ ദീപം തെളിച്ച് വര്‍ണക്കാഴ്ച ഒരുക്കിയാണ് കാര്‍ത്തികനാള്‍ ആഘോഷമാക്കിയത്. ദേവിയെ സ്തുതിച്ച് വീടുകളിലും ക്ഷേത്രങ്ങളിലും ദീപങ്ങള്‍ നിരന്നതോടെ വര്‍ണം വിതറിയ രാത്രി ഭക്തി സാന്ദ്രമായി. ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് വൃശ്ചിക മാസത്തിലെ കാര്‍ത്തികനാള്‍ തൃക്കാര്‍ത്തിക മഹോത്സവമായി ആഘോഷിക്കുന്നത്. ദീപനാളങ്ങള്‍ വീടുകളില്‍ തെളിക്കുന്നതോടെ സര്‍വദോഷങ്ങളും തിന്മകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ആഘോങ്ങളുടെ ഭാഗമായി നഗരത്തിലെ അഗ്രഹാര തെരുവുകള്‍ ദീപപ്രഭയിലായി. മണ്‍ചെരാതുകള്‍ക്കൊപ്പം നിലവിളക്കുകളിലും തിരി തെളിച്ചായിരുന്നു ആഘോഷം. വിവിധ വര്‍ണങ്ങളില്‍ വിരിഞ്ഞ പൂത്തിരികളും ആഘോഷങ്ങളെ വര്‍ണാഭമാക്കി. ക്ഷേത്രങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പൂജകളും ദീപവിതാനങ്ങളും ഒരുക്കി. മധുര പലഹാര വിതരണം കൂടാതെ, പ്രത്യേക കാര്‍ത്തിക വിഭവങ്ങള്‍ തയാറാക്കുന്നതും ഈ ആഘോഷ ദിനത്തിലാണ്. കാര്‍ത്തിക ദീപം തെളിക്കാനായി ഇടിഞ്ഞിലുകളും പൂക്കളും വാങ്ങാനായി മാര്‍ക്കറ്റുകളിലും നല്ല തിരക്കായിരുന്നു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, കരിക്കകം ചാമുണ്ഡീ ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം തുടങ്ങി പ്രധാന ആരാധനാലയങ്ങളിലും ദര്‍ശനത്തിനായി ഭക്തജനത്തിരക്കായിരുന്നു. സുരക്ഷക്ക് പൊലീസ് ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കഴക്കൂട്ടം: ഭക്തിയുടെ നിറവില്‍ നാടും നഗരവും തൃക്കാര്‍ത്തിക ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വിളക്കും നടന്നു. ഗ്രാമപ്രദേശങ്ങളിലടക്കം സന്ധ്യയോടെ വീടുകളിലും ക്ഷേത്രങ്ങളിലും കാര്‍ത്തിക ദീപങ്ങള്‍ തെളിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ കാര്‍ത്തികപൊങ്കാലയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.