വയോധികയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: വയോധികയെ വീട്ടിനുള്ളില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തൊപ്പിച്ചന്ത കല്ലൂര്‍ക്കോണത്തിന് സമീപം കുടവൂര്‍ക്കോണം കൊടിയ്ക്കകം വീട്ടില്‍ ശാരദ(70)യെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പനയില്‍ക്കോണം അപ്പൂപ്പന്‍നടക്ക് സമീപം താമസിക്കുന്ന മണികണ്ഠനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തുവരുകയായിരുന്ന പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന ശാരദയെ മദ്യലഹരിയിലത്തെിയ മണികണ്ഠന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്ത ശാരദ സ്വയരക്ഷാര്‍ഥം അടുക്കളയില്‍നിന്ന് വെട്ടുകത്തി എടുത്ത് ഇയാളെ കാട്ടി വിരട്ടാന്‍ ശ്രമിച്ചു. എന്നാല്‍, മണികണ്ഠന്‍ വെട്ടുകത്തി പിടിച്ചുവാങ്ങി ശാരദയെ തലങ്ങും വിലങ്ങും വെട്ടി. ചോരയില്‍ കുളിച്ച് നിലത്ത് വീണപ്പോള്‍ പ്രതി ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനുശേഷം ശാരദ ഇഴഞ്ഞുനീങ്ങി തൊട്ടടുത്ത വീട്ടിലത്തെി. വേദനയില്‍ പുളയുന്നതിനിടയില്‍ ആരാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ പ്രതിയുടെ പേരും മാതാവിന്‍െറ പേരും ശാരദ പറഞ്ഞിരുന്നു. ഈ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മണികണ്ഠനെ അന്ന് രാത്രിതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയതെളിവുകളും പ്രതി മണികണ്ഠനാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ സി.ഐ ജി.ബി. മുകേഷ്, എസ്.ഐ എ.എം. സഫീര്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.