ഗ്രാമങ്ങളില്‍ കിണറുകളും കുടിവെള്ള സ്രോതസ്സുകളും വറ്റുന്നു

വെഞ്ഞാറമൂട്: മഴ കുറഞ്ഞതോടെ ഗ്രാമങ്ങളില്‍ കിണറുകളും കുടിവെള്ള സ്രോതസ്സുകളും വറ്റുന്നു. കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോഴും മുന്‍കരുതല്‍ നടപടികള്‍ അപ്രായോഗികമെന്ന് പരാതി. കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളുടെ ലിസ്റ്റ് ജില്ല ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ താല്‍ക്കാലികമായി 5000 ലിറ്ററിന്‍െറ ടാങ്ക് സ്ഥാപിച്ച് വെള്ളം നിറക്കാനാണ് നിലവിലെ നിര്‍ദേശം. ആളുകള്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രം ജലം ശേഖരിച്ച് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, ഇതു തീര്‍ത്തും അപ്രായോഗികമാണെന്ന് പഞ്ചായത്തുകള്‍ പറയുന്നു. ഒരു പഞ്ചായത്തില്‍ രണ്ടോ മൂന്നോ ടാങ്കുകള്‍ സ്ഥാപിച്ചാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമുണ്ടാകില്ല. മാത്രമല്ല, ഇങ്ങനെ ടാങ്കുകള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ തമ്മിലെ തര്‍ക്കങ്ങള്‍ക്കും കലഹത്തിനും വരെ വഴിവെക്കുമെന്നും പഞ്ചായത്തുകള്‍ ആശങ്കപ്പെടുന്നു. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ടാങ്കുകള്‍ നിറക്കാന്‍ സാധിക്കൂ എന്നതിനാല്‍ ഭൂരിപക്ഷം പേര്‍ക്കും വെള്ളം കിട്ടാതാവും. മുന്‍ വര്‍ഷങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇത് വ്യാപക ക്രമക്കേടുകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, ക്രമക്കേടുകള്‍ക്ക് ഇട നല്‍കാതെ ടാങ്കറില്‍ ജലവിതരണം നടത്തിയാല്‍ മാത്രമേ വേനല്‍ക്കാലത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാവൂ എന്ന നിലപാടിലാണ് ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും. അതേസമയം, കുടിവെള്ള കണക്ഷന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ രണ്ടു മാസത്തിനിടെ വന്‍ വര്‍ധനയാണ് ഉണ്ടായത്. കിണറുകളിലും കുളങ്ങളിലും കുടിവെള്ളം സുലഭമായിരുന്ന പ്രദേശങ്ങളിലെ ആളുകള്‍ പോലും ഇപ്പോള്‍ കുടിവെള്ള കണക്ഷന്‍ എടുക്കുകയാണ്. ഉപഭോഗം കൂടിയതോടെ എല്ലാ ദിവസവും എല്ലാ മേഖലകളിലും വെള്ളം എത്തിക്കാനാകാത്ത സ്ഥിതിയിലാണ് ജലവകുപ്പ്. വേനല്‍ കടുക്കുന്നതോടെ ജലത്തിന്‍െറ ലഭ്യതക്കുറവും വോള്‍ട്ടേജ് ക്ഷാമവും മൂലം കുടിവെള്ളം ആവശ്യത്തിന് ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്നാണ് ആശങ്ക. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു കാര്യക്ഷമമായ നടപടികള്‍ എടുക്കുന്നതിനു പകരം വേനല്‍ക്കാലത്തെ പതിവ് പ്രഹസനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.