ശമ്പളവും പെന്‍ഷനും മുടങ്ങി: പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ സ്തംഭിക്കുമ്പോഴും സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല ട്രഷറിക്ക് മുന്നില്‍ പട്ടിണി സമരംനടത്തി. ഷര്‍ട്ട് ധരിക്കാതെയാണ് പ്രവര്‍ത്തകര്‍ ട്രഷറിക്ക് മുന്നിലെ സമരത്തില്‍ പങ്കെടുത്തത്. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. മോദിയെന്ന തുഗ്ളക്ക് ജനങ്ങളെ വെല്ലുവിളിക്കുമ്പോള്‍ അതിനെതിരെയുള്ള മുന്‍കരുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാത്തത് നീതീകരിക്കാനാവില്ളെന്ന് രവികുമാര്‍ പറഞ്ഞു. പണമില്ലാത്തതിനാല്‍ പകുതിയോളം ട്രഷറികള്‍ പൂട്ടി. ചിലയിടങ്ങളില്‍ ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ പകുതിയിലധികം ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം ലഭിക്കാനുണ്ട്. ജീവനക്കാരെ പട്ടിണിയിലാക്കുന്ന നയം സര്‍ക്കാര്‍ ഇനിയും തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ജില്ല പ്രസിഡന്‍റ് എ.പി. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭരവാഹികളായ എ.എം. ജാഫര്‍ഖാന്‍, സി. ബാബു, എം.ജി. സുനില്‍, എം. അബൂബക്കര്‍, ജി. എഡിസണ്‍, പേരൂര്‍ക്കട മോഹന്‍, നേതാക്കളായ എസ്. മജീദ്, ഇ.എന്‍. സനല്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. ആറ്റിങ്ങല്‍: സബ്ട്രഷറിയില്‍ രണ്ടാംദിനവും പ്രതിസന്ധി. പണദൗര്‍ലഭ്യം കാരണം മൂന്നു മണിക്കൂര്‍ ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങി. വെള്ളിയാഴ്ച രാവിലെ 20 ലക്ഷം രൂപ മാത്രമാണ് ട്രഷറിയിലുണ്ടായിരുന്നത്. രാവിലെ 11ന് മുമ്പ് ഈ തുക തീര്‍ന്നു. എസ്.ബി.ടിയുടെ ആറ്റിങ്ങല്‍ ട്രഷറി ബ്രാഞ്ചുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും കറന്‍സി എത്തിയിട്ടില്ളെന്നും എത്തിയാലുടന്‍ ലഭ്യമാക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞത്. ഉച്ചയോടെ കൂടുതല്‍ കറന്‍സി എത്തി. ഉച്ചക്ക് രണ്ടരക്ക് ശേഷം പെന്‍ഷന്‍, ശമ്പള വിതരണം സുഗമമായി. ടോക്കണ്‍ ലഭിച്ചവര്‍ക്കെല്ലാം പണം വിതരണം ചെയ്തു. നിയന്ത്രണമനുസരിച്ച് പരമാവധി തുകയായ 24,000 രൂപ വരെയാണ് നല്‍കിയത്. പെന്‍ഷന്‍കാരില്‍ ഭൂരിഭാഗവും ഇതിലും താഴെയുള്ള തുകയാണ് വാങ്ങുന്നത്. അതിനാല്‍ പെന്‍ഷന്‍കാര്‍ക്ക് പൂര്‍ണമായും പിന്‍വലിക്കാനായി. മൂന്നരയോടെ ട്രഷറിയിലെ തിരക്കൊഴിയുകയും സാധാരണനിലയിലാവുകയും ചെയ്തു. രാവിലെ ടോക്കണ്‍ വാങ്ങിയ നൂറുകണക്കിനാളുകള്‍ ഉച്ചവരെ കാത്തുനിന്ന ശേഷം പണം കിട്ടാതെ നിരാശരായി മടങ്ങിയിരുന്നു. തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പിച്ച നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് അധ്യാപക സര്‍വിസ് സംഘടനാ സമരസമിതിയും ആക്ഷന്‍ കൗണ്‍സിലും റിസര്‍വ് ബാങ്കിന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് റിസര്‍വ് ബാങ്കിന് മുന്നില്‍ സമാപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ നേതാവ് പി.എച്ച്.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധം മൂലം സംസ്ഥാനത്തെ 42 ട്രഷറികളില്‍ ആദ്യശമ്പള ദിനത്തില്‍തന്നെ ശമ്പളവും പെന്‍ഷനും തടസ്സപ്പെടുകയും 12 ട്രഷറികള്‍ക്ക് പണം ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോയന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍, എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രന്‍ നായര്‍, സമരസമിതി ജില്ലാ കണ്‍വീനര്‍ എസ്. ഷാജി, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ നായര്‍, എന്‍. ബാബു, എം.എം. നജീം, എ. ഹരിചന്ദ്രന്‍ നായര്‍, എസ്. ബിനുകുമാര്‍, വി.കെ. മധു തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.