തെരുവുനായ്ക്കള്‍ കടിച്ചുകീറല്‍ തുടരുന്നു; പരിഹാരമാര്‍ഗത്തിന് കോര്‍പറേഷനില്‍ സംയുക്തയോഗം ഇന്ന്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് ഭീഷണിയായി മാറിയ തെരുവുനായ ശല്യം പരിഹരിക്കാനും തുടര്‍ നടപടികള്‍ ആലോചിക്കാനും തിങ്കളാഴ്ച കോര്‍പറേഷനില്‍ സംയുക്ത യോഗം ചേരും. ഉച്ചക്ക് മേയറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കോര്‍പറേഷന്‍ ഡോഗ് സ്ക്വാഡ്, വെറ്ററിനറി ഡോക്ടര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ക്കറ്റുകള്‍, പൊതു നിരത്തുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റേഷന്‍ പരിസരം തുടങ്ങി എല്ലായിടങ്ങളിലും തെരുവുനായ്ക്കള്‍ സൈ്വരവിഹാരം നടത്തുകയാണ്. ശല്യം രൂക്ഷമാകുകയും മരണംവരെ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. വന്ധ്യംകരണത്തിനുപുറമെ തെരുവുനായ്ക്കളുടെ ശല്യമൊഴിവാക്കാനുള്ള നടപടികളാകും യോഗം കൈക്കൊള്ളുകയെന്നാണ് സൂചന. അപകടകാരികളായ നായ്ക്കളെ തിരിച്ചറിഞ്ഞ് ഇല്ലായ്മ ചെയ്യുന്നതും ചര്‍ച്ചയായേക്കും. അതേസമയം തെരുവുനായയുടെ ആക്രമണത്തിന് വിധേയമായി കുത്തിവെപ്പ് എടുക്കാന്‍ നിരവധിപേരാണ് ഇന്നലെയും ആശുപത്രികളില്‍ എത്തിയത്. ജനറല്‍ ആശുപത്രിയില്‍ മാത്രം 20ലധികം പേര്‍ ചികിത്സതേടി. വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി നോക്കിയാല്‍ 50ലധികം പേര്‍ക്ക് ഞായറാഴ്ചയും പരിക്കേറ്റതായാണ് സൂചന. കോര്‍പറേഷന്‍ നടത്തുന്ന വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് അധികൃതരുടെ അവകാശവാദം. എന്നാല്‍ വന്ധ്യംകരണം നടത്തിക്കഴിഞ്ഞും നായ്ക്കള്‍ പെറ്റുപെരുകുന്ന സ്ഥിതിയാണ്. പ്രധാന ജങ്ഷനുകളില്‍ ഉള്‍പ്പെടെ നായശല്യം വ്യാപകമാണ്. വാഹനയാത്രികരെ പിന്തുടരുന്നതും പതിവായിട്ടുണ്ട്. കോര്‍പറേഷന്‍െറ 100 വാര്‍ഡിലും നായകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഏകദേശം 25,000 ത്തോളം തെരുവുനായ്ക്കള്‍ തലസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ദിനംപ്രതി 20 നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ. എന്നാല്‍ കൂടുതല്‍ കാര്യക്ഷമമായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമായി മാറുന്നത് ഫണ്ടിന്‍െറ അപര്യാപ്തയാണെന്നാണ് വിശദീകരണം. അതെ സമയം ചെലവുവരുന്ന തുക തദ്ദേശവകുപ്പ് വഹിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ ഇതിനകം അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.