സി.പി.ഐ വിട്ടവര്‍ സി.പി.എമ്മിലേക്ക്

വെഞ്ഞാറമൂട്: സി.പി.ഐ പാലോട്, വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റികളിലെ നേതാക്കളടക്കം നൂറോളം പേര്‍ പാര്‍ട്ടിവിട്ട് സി.പി.എമ്മിലേക്ക്. പ്രവര്‍ത്തനപാരമ്പര്യമുള്ള സി.പി.ഐക്കാരെ തഴഞ്ഞ് പാര്‍ട്ടിവിരുദ്ധ നടപടികള്‍ക്ക് പുറത്താക്കിയവരെയും എല്‍.ഡി.എഫ് സംവിധാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും സംരക്ഷിക്കുന്ന ജില്ലാ സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സി.പി.ഐ മുന്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും പാലോട് മണ്ഡലം കമ്മിറ്റി അംഗവുമായ കെ. ശിവന്‍കുട്ടിനായരടക്കമുള്ളവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സി.പി.ഐ വിട്ട് വരുന്നവര്‍ക്ക് നല്‍കുന്ന സ്ഥാനങ്ങളെക്കുറിച്ചും സ്വീകരണം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം പ്രാദേശികനേതൃത്വം പ്രതികരിച്ചു. ഒക്ടോബര്‍ പത്തിനകം ജില്ലയില്‍നിന്ന് വലിയൊരു വിഭാഗം പാര്‍ട്ടി വിടുമെന്ന് സി.പി.ഐ ബന്ധം ഉപേക്ഷിക്കുന്നവര്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയിലെ സി.പി.ഐക്കാര്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കാന്‍ നീക്കം നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നവര്‍ ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചു. ഇതടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മാത്രമല്ല അന്വേഷിക്കാന്‍ ആരോപണവിധേയനെ തന്നെ ചുമതലപ്പെടുത്തി. 22ന് പരാതിയില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി പരാതിക്കാരെ വിളിച്ചുവരുത്തിയെങ്കിലും പിന്നീട് ഒരു അറിയിപ്പും ഉണ്ടായില്ളെന്നും അവര്‍ ആരോപിച്ചു. എ.കെ.എസ്.ടി.യു മുന്‍ സംസ്ഥാന സെക്രട്ടറി വേങ്കവിള സുരേഷ്, എ.ഐ.വൈ.എഫ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്‍റ് കോട്ടൂര്‍ ഷാഫി, കിസാന്‍സഭ വാമനപുരം മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ആല്‍ബര്‍ട്ട്, പാലോട് ലോക്കല്‍ കമ്മിറ്റി അംഗം കാട്ടിലക്കുഴി ഹരികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. എന്നാല്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ എം.എല്‍.എ, ഏരിയാ സെക്രട്ടറി ഡി.കെ. മുരളി, എ.എ. റഹിം തുടങ്ങിയവര്‍ രാവിലെ മുതല്‍ ഏരിയാ കമ്മിറ്റി ഓഫിസില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.