വിഴിഞ്ഞം പദ്ധതി: തൊഴില്‍തട്ടിപ്പ് സംഘങ്ങള്‍ വലവീശുന്നു

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായി തെളിവുകള്‍. പണവുമായി മുങ്ങിയ യുവാവിനെക്കുറിച്ച് വിവരമില്ല. തുറമുഖ പദ്ധതിയുടെപേരില്‍ പുറത്തുവന്ന ആദ്യതൊഴില്‍ത്തട്ടിപ്പിനു പിന്നില്‍ വന്‍ മാഫിയകളെന്ന് സംശയം. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവിന്‍െറ കെണിയില്‍ അകപ്പെട്ടവരുടെ എണ്ണം 20 കഴിഞ്ഞു. ഇവരില്‍നിന്ന് 10,500 രൂപ മുതല്‍ വാങ്ങി മുങ്ങിയ ആന്ധ്ര സ്വദേശി അജയ് അരുണിനെ കുറിച്ച് വിവരമില്ല. നാലു മാസം മുമ്പാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. ഇതു സംബന്ധിച്ച് ‘മാധ്യമ’ത്തില്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് പണം നല്‍കിയവര്‍ കമ്പനിയുടെ പ്രോജക്ട് മാനേജര്‍ എന്ന് പറഞ്ഞ അജയ് അരുണുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ ഒഴിവായി. പിന്നീട് പൊലീസില്‍ പരാതിപ്പെടുമെന്ന് അറിയിച്ചത്തോടെ കഴിഞ്ഞ തിങ്കളാഴ്ച എല്ലാവര്‍ക്കും പണം തിരികെ നല്‍കാമെന്ന് യുവാവ് പറഞ്ഞു. എന്നാല്‍, തിങ്കളാഴ്ച മുതല്‍ യുവാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഓഫ് ആക്കിയനിലയിലാണ്. ഫെബ്രുവരി, മേയ് മാസങ്ങളിലാണ് ‘എന്‍റിച്ച് ശ്രേയാ മറൈന്‍ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ പേരില്‍ ഇയാള്‍ പണം തട്ടിയത്. തുറമുഖത്തിന്‍െറ ഡ്രെഡ്ജിങ് ടെന്‍ഡര്‍ എടുത്ത കമ്പനിയിലേക്ക് ഡ്രൈവര്‍, അക്കൗണ്ട്സ്, സൈറ്റ് സൂപ്പര്‍വൈസര്‍, സൈറ്റ് ഇന്‍ ചാര്‍ജ്, ടെക്നീഷ്യന്‍, ഹെല്‍പര്‍ എന്നിങ്ങനെ തസ്തികകളിലേക്കായി ജോലിക്കെടുത്താണ് യൂനിഫോമിന്‍െറയും എന്‍ട്രി പാസിന്‍െറയും പേരില്‍ പണം വാങ്ങിയത്. 2000 രൂപവെച്ച് അഞ്ചുമാസംകൊണ്ട് ശമ്പളത്തിലൂടെ നല്‍കിയ പണം തിരികെ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ആദ്യം താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരുമായി സൗഹൃദ ബന്ധം സൃഷ്ടിച്ച് വിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ അവര്‍ വഴി ഉദ്യോഗാര്‍ഥികളെ കണ്ടത്തെുകയായിരുന്നു. മാര്‍ച്ചില്‍ ജോലി ആരംഭിക്കും എന്നാണ് ആദ്യം ഉദ്യോഗാര്‍ഥികളെ അറിയിച്ചിരുന്നത്. മുംബൈയിലെ കമ്പനിയുടെ ഹെഡ് ഓഫിസില്‍നിന്ന് എന്ന പേരില്‍ ഒരാളത്തെി തങ്ങളെ കണ്ടതായും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇയാള്‍ ഇവര്‍ക്ക് ഡ്രെഡ്ജിങ് തുടങ്ങുന്ന വരെ എല്ലാ മാസവും പകുതി ശമ്പളം നല്‍കുമെന്ന് കാണിച്ച് ഒരു ഓഫര്‍ ലെറ്ററും നല്‍കിയിരുന്നു. പിന്നീട് വിശദമായ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. തട്ടിപ്പിന് ഇരയായവര്‍ പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.