ബൈക്ക് മാറിയെടുത്ത സോഫ്റ്റ്വെയര്‍ എന്‍ജിനീയറെ പൊലീസ് മോഷ്ടാവാക്കി

കഴക്കൂട്ടം: സുഹൃത്തിന്‍െറ ബൈക്കിനു പകരം അബദ്ധത്തില്‍ മറ്റൊരു ബൈക്കുമായി പോയ ടെക്നോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ പോലീസ് മോഷ്ടാവാക്കി. ഓച്ചിറ സ്വദേശി റോബര്‍ട്ടിനെയാണ് മോഷ്ടാവായി ചിത്രീകരിച്ച് മാധ്യമങ്ങളില്‍ സി.സി ടി.വി ദൃശ്യമടക്കം നല്‍കിയത്. ടെക്നോപാര്‍ക്കിലെ തന്നെ ജീവനക്കാരന്‍ വഞ്ചിയൂര്‍ സ്വദേശി ശബരിയുടെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് -തണ്ടര്‍ബോള്‍ട്ട് ബൈക്ക് മോഷണം പോയതായി കഴിഞ്ഞദിവസമാണ് പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച കഴക്കൂട്ടം പൊലീസ് ടെക്നോപാര്‍ക്കിലത്തെി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12.20ന് ഒരാള്‍ ബൈക്ക് ഓടിച്ചുപോകുന്നതായുള്ള ദൃശ്യം ലഭിച്ചു. മോഷ്ടിച്ച ബൈക്കുമായി പോവുന്ന യുവാവ് എന്ന പേരില്‍ പൊലീസ് സി.സി ടി.വി ദൃശ്യത്തിന് വ്യാപകപ്രചാരണം നല്‍കുകയും ചെയ്തു. ശനിയാഴ്ചത്തെ പത്രങ്ങളില്‍ റോബര്‍ട്ടിന്‍െറ ചിത്രമടക്കം മോഷണവാര്‍ത്ത വന്നു. റോബര്‍ട്ട് കമ്പനിക്ക് പുറത്തുപോകുന്നതിനായി സുഹൃത്ത് കാര്‍ത്തികിന്‍െറ ബൈക്ക് വാങ്ങിയിരുന്നു. ശബരിയുടെയും കാര്‍ത്തികിന്‍െറയും ബൈക്കുകള്‍ ഒരേ മോഡലായതാണ് പ്രശ്നമായത്. കാര്‍ത്തികിന്‍െറ ബൈക്കെന്നു കരുതി റോബര്‍ട്ട് ശബരിയുടെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് പോവുകയായിരുന്നു. ഇതാണ് സി.സി ടി.വിയില്‍ പതിഞ്ഞത്. രണ്ട് ബൈക്കുകളും ഒരേ താക്കോല്‍ ഉപയോഗിച്ച് തുറക്കാമെന്നതിനാല്‍ റോബര്‍ട്ടിന് അബദ്ധം മനസ്സിലായില്ല. പുറത്തുപോയ റോബര്‍ട്ട് മൂന്ന് മണിക്കൂറിന് ശേഷം മടങ്ങിയത്തെി. ആദ്യം ബൈക്കിരുന്ന ഇടത്ത് മറ്റൊരു ബൈക്ക് ഉണ്ടായിരുന്നതിനാല്‍ കെട്ടിടത്തിന്‍െറ മറ്റൊരുഭാഗത്തുവെച്ചശേഷം വിവരം കാര്‍ത്തികിനെ അറിയിച്ച് മടങ്ങുകയും ചെയ്തു. രാത്രി പത്തോടെ ജോലികഴിഞ്ഞിറങ്ങിയ ശബരി തന്‍െറ ബൈക്ക് സൂക്ഷിച്ചിരുന്നയിടത്ത് കാണാത്തതിനെതുര്‍ന്നാണ് പരാതി നല്‍കിയത്. തന്‍െറ ബൈക്ക് മാറിയെടുത്ത റോബര്‍ട്ട് അത് കെട്ടിടത്തിന്‍െറ മറ്റൊരു ഭാഗത്ത് തിരികെകൊണ്ടുവെച്ചത് ശബരി അറിഞ്ഞിരുന്നില്ല. റോബര്‍ട്ടിന്‍െറ ചിത്രം മാധ്യമങ്ങളില്‍ വരുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് ഒരേ മോഡലിലെ ബൈക്കുകള്‍മൂലം സംഭവിച്ച അബദ്ധം എല്ലാവരും അറിയുന്നത്. ഒടുവില്‍ രണ്ടു ബൈക്കുകളും പൊലീസ് സ്റ്റേഷനിലത്തെിച്ച് ഉടമകള്‍ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.