സിഗ്നല്‍ സംവിധാനം തകരാറില്‍; കാരേറ്റ് ടൗണ്‍ ഗതാഗതക്കുരുക്കില്‍

കിളിമാനൂര്‍: സംസ്ഥാനപാതയില്‍ വെഞ്ഞാറമൂടിനും കിളിമാനൂരിനും ഇടയിലെ പ്രധാന ടൗണായ കാരേറ്റ് ഗതാഗതക്കുരുക്കില്‍. സിഗ്നല്‍ സംവിധാനം തകരാറിലായതോടെയാണ് പ്രശ്നം രൂക്ഷമായത്. തിരക്കേറിയ രാവിലെയും വൈകുന്നേരങ്ങളിലും മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. നാല് റോഡുകള്‍ കൂടിച്ചേരുന്ന കവലയാണ് കാരേറ്റ്. സംസ്ഥാന പാതയില്‍ കല്ലറയില്‍ നിന്നും നഗരൂരില്‍ നിന്നും റോഡുകള്‍ വന്നുചേരുന്നുണ്ട്. തിരക്കേറിയ ടൗണില്‍ റോഡിന് താരതമ്യേന വീതി കുറവാണ്. അനധികൃത പാര്‍ക്കിങ് കൂടിയായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനിടെയാണ് കുറച്ച് ദിവസങ്ങളായി ടൗണിലെ സിഗ്നല്‍ സംവിധാനം തകരാറിലായത്.ജില്ലയിലെ ആദ്യകാല സിഗ്നലുകളിലൊന്നാണ് ഇത്. തിരക്കേറുന്ന സമയങ്ങളില്‍ സംസ്ഥാന പാതയില്‍ വാമനപുരം പാലംമുതല്‍ കാരേറ്റ് ടൗണ്‍ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപംവരെ റോഡിനിരുവശവും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അപകടങ്ങളും നിത്യസംഭവമാണ്. മഴക്കാലത്ത് പ്രശ്നം ഏറെ വഷളാകുന്നതായും നാട്ടുകാര്‍ പറയുന്നു. കല്ലറ റോഡില്‍ അരകിലോമീറ്ററോളം അകലെ നിന്ന് ഒഴുകിയത്തെുന്ന വെള്ളം ടൗണില്‍ വെള്ളക്കെട്ട് സൃഷ്ടിക്കുന്നു. ഓടകളുടെ അഭാവവും ഇതിന് കാരണമാണ്. തിരക്കേറിയ സമയങ്ങളില്‍ ടൗണില്‍ പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.