സഞ്ചാരികളുടെ പറുദീസയായി തമ്പുരാന്‍, തമ്പുരാട്ടി പാറകള്‍

വെഞ്ഞാറമൂട്: പ്രകൃതിയുടെ മടിത്തട്ടില്‍ സഞ്ചാരികളുടെ പറുദീസയായി തമ്പുരാന്‍, തമ്പുരാട്ടി പാറകള്‍. സാഹസികവിനോദ സഞ്ചാരത്തിന്‍െറയും പ്രകൃതിരമണീയതയുടെയും കേന്ദ്രമാണിവിടം. സമുദ്രനിരപ്പില്‍നിന്ന് 700 അടിയിലേറെ ഉയരത്തില്‍ 17 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് പാറകള്‍. ശംഖുംമുഖത്തെ മത്സ്യകന്യകയോട് സാമ്യമുള്ളതാണ് തമ്പുരാട്ടിപ്പാറ. പുരുഷ സൗന്ദര്യത്തിന്‍െറ പ്രതീകമായി മുഖത്തോടും ശരീരത്തോടും കൂടിയത് തമ്പുരാന്‍പാറ. തമ്പുരാട്ടിപ്പാറയുടെ മുകളില്‍ കൊടും വേനലിലും വറ്റാത്ത പാറക്കുളവുമുണ്ട്. ഇവയെ താങ്ങിനിര്‍ത്തുന്നതിന് സമാനമായ തിരുമുറ്റം, മുത്തിപ്പാറകള്‍. തമ്പുരാന്‍ പാറയുടെ മുകളില്‍ നിന്നാല്‍ വീശിയടിക്കുന്ന ശക്തമായ കടല്‍കാറ്റിനോട് മല്ലിട്ട് തിരുവനന്തപുരത്തിന്‍െററ ഹരിതാഭ ആസ്വദിക്കാം. ആകാശവും ഭൂമിയും ഒന്നിക്കുന്നത് കാമറയില്‍ പകര്‍ത്താം. വെമ്പായത്തുനിന്ന് കേവലം രണ്ടുകിലോമീറ്റര്‍ പോയാല്‍ മദപുരത്ത് എത്താം. അവിടെനിന്ന് കാല്‍നടയായി തമ്പുരാട്ടി പാറയുടെ മുകളിലൂടെ തമ്പുരാന്‍െറ നെറുകയില്‍ അവിടെ നിന്ന് പ്രകൃതിയോടിണങ്ങി സെല്‍ഫി എടുക്കാം. സാഹസികവിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവര്‍ക്കും സിനിമാ ഷൂട്ടിങ്ങിനും കല്യാണ വിഡിയോക്കും എല്ലാം പറ്റിയ സ്ഥലമാണിത്. പാറയിലേക്ക് കയറുന്നതിനുമുമ്പ് കുടിവെള്ളവും ലഘുഭഷണവും കരുതിയാല്‍ അസ്തമയത്തിന്‍െറ മനോഹാരിതകൂടി ആസ്വദിച്ച് മടങ്ങാം. നാലുവര്‍ഷംമുമ്പ് പാറ അടര്‍ന്നുവീണ് തൊഴിലാളികള്‍ മരിച്ചതോടെയാണ് തമ്പുരാന്‍, തമ്പുരാട്ടി പാറകളെപ്പറ്റി ലോകം അറിഞ്ഞത്. പ്രകൃതിസമ്പത്തിന്‍െറ അക്ഷയപാത്രമായ പാറകള്‍ പൊട്ടിച്ചുവില്‍ക്കാന്‍ സ്വകാര്യ ക്വാറിമാഫിയകള്‍ ഇവിടെയത്തെി. നാട്ടുകാര്‍ ശക്തമായി ചെറുത്തുനിന്നപ്പോള്‍ സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമാക്കി. ഒരു കോടിയോളം രൂപ ചെലവില്‍ ഇവിടെ ടൂറിസം കേന്ദ്രത്തിന്‍െറ പണി പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.