ലക്ഷ്യബോധം മാധ്യമത്തിന്‍െറ മികവ് –മന്ത്രി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ലക്ഷ്യബോധവും ദൗത്യനിര്‍വഹണവുമാണ് മലയാള മാധ്യമങ്ങളില്‍ മാധ്യമത്തെ വ്യത്യസ്തമാക്കുന്നതെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പാപ്പനംകോട് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മാധ്യമത്തിന്‍െറ പുതിയ അച്ചടിസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള പത്രങ്ങളില്‍ വ്യത്യസ്തത പുലര്‍ത്താന്‍ മാധ്യമത്തിന് കഴിഞ്ഞു എന്ന് പറയാന്‍ തനിക്ക് മടിയില്ല. മാധ്യമം ടീമിന് ലക്ഷ്യബോധവും ദൗത്യവുമുണ്ട്. അവശ പിന്നാക്ക ജനവിഭാഗങ്ങളുടെയും ജീവിതവുമായി മല്ലിടുന്നവരുടെയും കൂടെനില്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യബോധമുള്ളതിലൂടെ മാധ്യമത്തിന് കഴിഞ്ഞു. വ്യാപാര വ്യവസായ കണ്ണോടുകൂടിയായിരുന്നെങ്കില്‍ ഇത്തരം നിലപാടെടുക്കാന്‍ കഴിയില്ല. ഇത്തരം നിലപാടുകള്‍ പത്രങ്ങള്‍ക്കിടയില്‍ മാധ്യമത്തിന് അതിന്‍േറതായ ഇടം നേടിക്കൊടുത്തു. സമര്‍പ്പണമനോഭാവമുള്ള ടീം ആണ് ഈ പത്രത്തിന്‍െറ സമ്പത്ത്. നല്ല ഭാഷയും കഴിവും രാഷ്ട്രീയബോധവുള്ള സംഘമാണത്. പത്രങ്ങള്‍ക്കിടയില്‍ നിലവാരം കാത്തുസൂക്ഷിക്കാന്‍ മാധ്യമത്തിന് സാധിക്കുന്നു. വളര്‍ച്ചയുടെ സുപ്രധാനഘട്ടം പിന്നിട്ട് പ്രമുഖ പത്രങ്ങളോടൊപ്പം ഇതും വളര്‍ന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയയുടെ കാലത്ത് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയല്ലാതെ നിര്‍വാഹമില്ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.