വര്‍ക്കലയിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ ശല്യം രൂക്ഷം

വര്‍ക്കല: നഗരസഭയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായകളുടെ കടിയേറ്റ് ചികിത്സതേടിയത്തെുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ആഗസ്റ്റിലെ കണക്കുകള്‍ പ്രകാരം മണമ്പൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ 193 പേരും വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ 183 പേരും നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെും മാര്‍ക്കറ്റിലും ഇതര ആവശ്യങ്ങള്‍ക്കുമായി പുറത്തുപോകുന്ന സ്ത്രീകളുമാണ് ചികിത്സ തേടിയവരില്‍ ഭൂരിഭാഗം. സര്‍ക്കാര്‍ ആശുപത്രി, ഇതര ഓഫിസുകള്‍, പൊതു മാര്‍ക്കറ്റുകള്‍, ബസ്സ്റ്റോപ്പുകള്‍, ഒറ്റയടിപ്പാതകള്‍ എന്നിവിടങ്ങളില്‍ കൂട്ടമായും അല്ലാതെയും അലഞ്ഞുതിരിയുന്ന നായ്ക്കളാണ് ആക്രമണകാരികളാകുന്നത്. ചികിത്സതേടിയവരുടെ എണ്ണത്തില്‍ ആഗസ്റ്റില്‍ മൂന്നിരട്ടി വര്‍ധനയാണുണ്ടായത്. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ ഡി.എം.ഒക്കും മറ്റും വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടിയവരും മേഖലയില്‍ ധാരാളമുണ്ട്. പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യമാണ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലുമൊന്നും അറവുമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനങ്ങളില്ല. അറവുകേന്ദ്രങ്ങള്‍ക്ക് സമീപം ഉപേക്ഷിക്കപ്പെടുന്ന മാംസാവശിഷ്ടങ്ങളും റിസോര്‍ട്ടുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്ന് പൊതുനിരത്തുകളിലേക്ക് വലിച്ചെറിയുന്ന മാലിന്യവും ഭക്ഷിക്കുന്ന നായ്ക്കളാണ് അപകടകാരികളാവുന്നത്. തെരുവുനായ്ക്കളെ നശിപ്പിക്കുന്നതിനെതിരെ നിയമപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും വന്ധ്യംകരണം നടത്തുന്നതിന് തടസ്സങ്ങളില്ല. തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നതിനെ ചെറുക്കാന്‍ വന്ധ്യംകരണം നടത്താന്‍ ഊര്‍ജിതനടപടി കൈക്കൊള്ളാന്‍ മൃഗാശുപത്രികളുടെ നേതൃത്വത്തില്‍ ശ്രമമുണ്ടാകുമെന്ന പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങി. പ്രഖ്യാപനം ഉണ്ടായതല്ലാതെ അതിനുള്ള സൗകര്യം ഒരിടത്തും ഏര്‍പ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.