ടിപ്പറില്‍നിന്ന് പാറ തെറിച്ചുവീണു; വിദ്യാര്‍ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു

ഓയൂര്‍: കുടവട്ടൂര്‍ ക്വാറികളില്‍നിന്ന് അമിത ലോഡുമായി വന്ന ടിപ്പറില്‍നിന്ന് പാറ തെറിച്ചുവീണു. സൈക്കിളില്‍ സഞ്ചരിച്ച സ്കൂള്‍ വിദ്യാര്‍ഥി അപകടത്തില്‍പ്പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഓടനാവട്ടം അമ്പലത്തുംകാലയിലായിരുന്നു സംഭവം. മൂടിയില്ലാതെ പാറയുമായി പോവുകയായിരുന്നു ടിപ്പര്‍ കയറ്റം കയറുന്നതിനിടെ പിറകുവശത്തുനിന്ന് വലിയ പാറകള്‍ വീഴുകയായിരുന്നു. അതിലൊരണ്ണം ഉരുണ്ട് കുടവട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥി സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചു. വിദ്യാര്‍ഥി നിലത്തു വീണെങ്കിലും മറ്റു വാഹനങ്ങള്‍ വരാത്തതിനാല്‍ അപകടം ഒഴിവായി. അപകടത്തിനിടയാക്കിയ ടിപ്പറിന് നമ്പര്‍പ്ളേറ്റ് ഇല്ലായിരുന്നെന്നും വാഹനം തടയാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ളെന്നും പ്രദേശവാസികള്‍ പറഞ്ഞു. സ്കൂള്‍ സമയം രാവിലെ എട്ടുമുതല്‍ 10 വരെയും വൈകുന്നേരം 3.30 മുതല്‍ അഞ്ചു വരെയും ടിപ്പറുകള്‍ ലോഡുമായി നിരത്തിലിറങ്ങാന്‍ പാടില്ളെന്ന വ്യവസ്ഥയുണ്ട്. ഇതിനെതിരെ പരാതി നല്‍കിയിട്ടും പൊലീസോ റവന്യൂ അധികൃതരോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ ഓടനാവട്ടം-നെടുമണ്‍കാവ് റൂട്ടില്‍ നിരവധി തവണയാണ് പാറ ടിപ്പറില്‍നിന്ന് നിലത്ത് വീഴുന്നത്. ആറുമാസം മുമ്പ് ഓടനാവട്ടം ജങ്ഷനില്‍ പാറ തെറിച്ച് ബൈക്ക് യാത്രികന്‍െറ ദേഹത്തു വീണ് സാരമായി പരിക്കേറ്റിരുന്നു. സ്കൂള്‍ സമയത്ത് ലോറികള്‍ സഞ്ചരിക്കുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം കൊട്ടറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല. മേഖലയില്‍ 1000ത്തോളം ടിപ്പറുകളാണ് പാറയുമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. ഇവയില്‍ ഭൂരിഭാഗത്തിനും പാസില്ളെന്നും സൂചനയുണ്ട്. പ്രതിഷേധം ശക്തമാകുമ്പോള്‍ മാത്രമാണ് പാസില്ലാത്ത ടിപ്പര്‍റുകളില്‍നിന്ന് ഒന്നോ രണ്ടോ എണ്ണത്തിനെ പൂയപ്പള്ളി പൊലീസ് പിടികൂടുക. ഇവരെ നിസ്സാരകുറ്റം ചുമത്തി വിടാറാണ് പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.