പള്ളി മാറ്റി സ്ഥാപിക്കല്‍ നടപടികളില്‍നിന്ന് ജില്ലാ ഭരണകൂടം പിന്മാറുന്നു

തിരുവനന്തപുരം: കരമന-കളിയിക്കാവിള പാത വികസനവുമായി ബന്ധപ്പെട്ട് പാപ്പനംകോട്ട് സ്ഥിതിചെയ്യുന്ന പള്ളി മാറ്റിസ്ഥാപിക്കുന്ന നടപടികളില്‍നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. പള്ളി മാറ്റുന്നതിനു വേണ്ടി കരുമം റോഡിനോട് ചേര്‍ന്നുള്ള ബി.എസ്.എന്‍.എല്ലിന്‍െറ ഒമ്പത് സെന്‍റ് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത് വന്നതിനാലാണ് ജില്ലാ ഭരണകൂടം പിന്മാറുന്നതെന്നും വിഷയം സര്‍ക്കാറിന് വിടുന്നതെന്നും ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. നേരത്തേ പള്ളിക്ക് കെ.എസ്.ആര്‍.ടി.സി വക സ്ഥലം കണ്ടത്തെിയെങ്കിലും വിട്ടുനല്‍കാന്‍ തയാറായില്ല. പള്ളിക്ക് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യഭൂമി പുനരധിവാസ ആവശ്യത്തിലേക്ക് ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ച് നടപടികള്‍ തുടരവെ സ്ഥലമുടമകള്‍ ഹൈകോടതിയെ സമീപിച്ചു. അതിനുശേഷം മറ്റൊരു സ്വകാര്യഭൂമി വാങ്ങാന്‍ ശ്രമിച്ചെങ്കിലും സ്ഥലമുടമ നഷ്ടപരിഹാരമായി വന്‍തുക ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പൊന്നുംവില നടപടികള്‍ നടന്നുവന്നിരുന്ന ബി.എസ്.എന്‍.എല്‍ വക ഒരേക്കര്‍ ഭൂമിയില്‍നിന്ന് ഒമ്പത് സെന്‍റ്് ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ പള്ളി മാറ്റി സ്ഥാപിക്കുന്നതിനെതിരെ ബി.എസ്.എന്‍.എല്‍ തൊഴിലാളി സംഘടനകള്‍, ബി.ജെ.പി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തത്തെി. ജില്ലാ കലക്ടര്‍ സംഘടനാ പ്രതിനിധികളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് പള്ളി മാറ്റി സ്ഥാപിക്കുന്ന വിഷയം സംസ്ഥാന സര്‍ക്കാറിലേക്ക് റഫര്‍ ചെയ്യുന്നതെന്നും കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.