വള്ളക്കടവ്: തലസ്ഥാന നഗരത്തില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതായി നാറ്റ്പാക് പഠന റിപ്പോര്‍ട്ട്. തലസ്ഥാനനഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഇരുചക്രവാഹന അപകടങ്ങളില്‍ 91 പേര്‍ മരിച്ചു. ഹെല്‍മറ്റ് ഉണ്ടായിട്ടും 51 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 21 പേര്‍ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല. 19 പേര്‍ പിന്നിലിരുന്നവരാണ്. നഗരപരിധിയിലെ 38 പൊലീസ് സ്റ്റേഷനുകളില്‍നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരമാണ് പഠനം നടത്തിയത്. അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങള്‍, നിരത്തിലെ അപകടക്കെണികള്‍, അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം, വാഹനം ഓടിക്കുന്നതിനിടെ മൊബല്‍ ഫോണില്‍ സംസാരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. നാറ്റ്പാക്കിലെ വിദഗ്ധര്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ റോഡ് സുരക്ഷാഅതോറിറ്റിക്ക് കൈമാറിയിരുന്നെങ്കിലും നടപടി ഇന്നും ഫയലില്‍ ഉറങ്ങുകയാണ്. നഗരത്തിന് പുറമെ ജില്ലാ അടിസ്ഥാനത്തില്‍ തലസ്ഥാന ജില്ലക്ക് വാഹനാപകടങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. 13.39 ശതമാനം അപകടങ്ങളാണ് തലസ്ഥാനത്തുണ്ടായത്. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുള്ള കണക്കുകളിലാണ് ഇത് വ്യക്തമായത്. എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 15.69 ശതമാനം വാഹനാപകടങ്ങള്‍ക്ക് എറണാകുളം ജില്ല ഈ കാലയളവില്‍ വേദിയായി. 2008 മുതല്‍ 2012 വരെ തിരുവനന്തപുരം നഗരത്തില്‍ 1263 പേരാണ് അപകടങ്ങളില്‍ മരിച്ചത്. ചെറുതും വലുതുമായി 16905 അപകടങ്ങളുണ്ടായി. 10111 പേര്‍ക്ക് ചെറിയ പരിക്കും 5531 പേര്‍ക്ക് സാരമായ പരിക്കുമേറ്റു. നഗരറോഡുകളില്‍ ഇരുചക്രവാഹന അപകടങ്ങളില്‍ നല്ളൊരു ശതമാനവും വാഹനം പിന്നിലിടിച്ചുള്ളതാണ്. ഇതില്‍ പകുതിയോളം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധയാണെന്ന് അധികൃതര്‍ പറയുന്നു. ഗതാഗതനിയമം പാലിക്കത്തതും അപകടങ്ങള്‍ക്ക് മുഖ്യകാരണമാണ്. പുതിയ റോഡുകളില്‍ ഭൂരിഭാഗവും ലൈന്‍ ട്രാഫിക് സംവിധാനത്തിലുള്ളവയാണ്. ഒരു ലൈനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ പിന്നില്‍ നിന്നെത്തെുന്ന വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കണമെന്ന കാര്യം നിരത്തിലത്തെുമ്പോള്‍ പലരും വിസ്മരിക്കുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് റിയര്‍ വ്യൂ മിററുകള്‍ ഇരുവശത്തും നിര്‍ബന്ധമാണെങ്കിലും ഇത് പാലിക്കാത്തവര്‍ നിരവധിയാണ്. ഇടതുവശത്തെ ട്രാക്കില്‍നിന്ന് മുന്നറിയിപ്പ് നല്‍കാതെ പെട്ടെന്ന് വലതുവശത്തേക്ക് മാറുക, മൂന്ന് ട്രാക്കുള്ള റോഡില്‍ മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നതിനുവേണ്ടി തുടര്‍ച്ചയായി ട്രാക് മാറി ഓടിക്കുക എന്നിവ അപകടങ്ങളിലേക്ക് വഴിവെച്ചു. ബസ്, ലോറി പോലെയുള്ള വലിയവാഹനങ്ങളുടെ മുന്നിലേക്ക് ഇടതുവശത്തുനിന്ന് പെട്ടെന്ന് ഇരുചക്രവാഹനങ്ങള്‍ വന്നുകയറിയാല്‍ വലിയ വാഹനങ്ങളുടെ ഡ്രൈവറുടെ ശ്രദ്ധയില്‍പെടാറില്ല. മരണത്തിലേക്കുള്ളത് കൂടിയാണ് ഇടതുവശം ചേര്‍ന്നുള്ള ഓവര്‍ടേക്കിങ്. എന്നാല്‍ നഗരപാതകളില്‍ ഇത് സ്ഥിരമാണ്. ഗതാഗതക്കുരുക്ക് മറികടന്ന് പെട്ടെന്ന് എത്തിച്ചേരാനുള്ള ധിറുതിയിലാണ് ഇരുചക്രവാഹനമോടിക്കുന്നവര്‍ ഇടതുവശത്തുകൂടി മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞാല്‍ അപകടമുറപ്പാണ്. ഇടതുവശത്ത് കൂടിയുള്ള ഓവര്‍ടേക്കിങ് കുറ്റകരമാണെങ്കിലും പൊലീസ് നടപടിയെടുക്കാറില്ല. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഈ കുറ്റകൃത്യം പലപ്പോഴും അവഗണിക്കാറാണ് പതിവ്. ലൈന്‍ ട്രാഫിക്കുള്ള റോഡുകളില്‍ വേഗം കുറവാണെങ്കില്‍ ഇടതുവശം ചേര്‍ന്ന് പോകുക എന്ന പ്രാഥമിക തത്ത്വമാണ് വിസ്മരിക്കുന്നത്. മീഡിയനോട് ചേര്‍ന്നുപോകുന്ന ഇരുചക്രവാഹനങ്ങളുടെ ഇടതുവശത്ത് കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ നിര്‍ബന്ധിതമാകും. ഇടതുവശത്ത് കൂടി വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ബാലന്‍സ് തെറ്റി ഇവയുടെ അടിയിലേക്ക് മറിഞ്ഞുവീഴും. ട്രാഫിക് പോയന്‍റുകളിലെ അപകടങ്ങളെല്ലാം സിഗ്നല്‍ മാറുന്നതിനൊപ്പമായിരിക്കും. ചുവപ്പ് തെളിയും മുമ്പ സ്റ്റോപ് ലൈന്‍ കടക്കുക, അല്ളെങ്കില്‍ പച്ച തെളിയുംമുമ്പേ കുതിച്ച് നീങ്ങുക. സിഗ്നല്‍ മാറുന്നതിന്‍െറ സൂചനയാണ് മഞ്ഞ ലൈറ്റ് നല്‍കുന്നത്. എന്നാല്‍ മഞ്ഞ തെളിഞ്ഞാല്‍ വേഗം കൂട്ടി സിഗ്നല്‍ മറികടന്നുപോകാനുള്ള പ്രവണത ഇരുചക്രവാഹനയാത്രികരാണ് കൂടുതലും കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ട്രാഫിക് സിഗ്നല്‍ പോയന്‍റില്‍നിന്ന് വലത്തേക്ക് തിരിയാന്‍ റോഡില്‍ വലതുവശം ചേര്‍ന്ന് നിര്‍ത്തണമെന്നാണ് ട്രാഫിക് നിയമം. പക്ഷേ നിരനിരയായി നില്‍ക്കുന്ന വാഹനങ്ങളുടെ ഇടതുവശം ചേര്‍ത്തായിരിക്കും പല വാഹനങ്ങളും നിര്‍ത്തുക. സിഗ്നല്‍ കിട്ടുമ്പോള്‍ വലത്തോട്ട് തിരിക്കുന്ന മുറക്ക് തന്നെ പിന്നില്‍ വരുന്ന വാഹനങ്ങളുടെ അടിയിലകപ്പെടുകയും ചെയ്യും. സ്ത്രീകളാണ് ഈ അബദ്ധത്തില്‍ മുന്‍പന്തിയിലെന്ന് ട്രാഫിക് പൊലീസും പറയുന്നു. ഇരുചക്രവാഹനങ്ങളെ അപകടത്തിലാക്കുന്ന മറ്റൊന്ന് തെരുവ്നായ്ക്കളാണ്. നായ്ക്കള്‍ കുറുകെ ചാടി നിരവധി ബൈക്ക് യാത്രികരാണ് അപകടത്തില്‍പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.