തിരുവനന്തപുരം: ക്രമക്കേട് കണ്ടത്തെിയ സഹകരണസംഘങ്ങളുടെ ബസ് പെര്‍മിറ്റുകള്‍ പുതുക്കേണ്ടെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടു. ഇതില്‍ ടാക്സി ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നാലു പെര്‍മിറ്റുകള്‍ റദ്ദാക്കാനും പ്രിയദര്‍ശിനി സൊസൈറ്റിയുടെ രണ്ട് പെര്‍മിറ്റുകളും എസ്.സി വിഭാഗത്തിലെ വ്യക്തികള്‍ക്ക് അനുവദിച്ച ഒരു പെര്‍മിറ്റും അന്വേഷണം കഴിയുംവരെ പുതുക്കുന്നതു മാറ്റിവെക്കാനുമാണ് തീരുമാനം. ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും കലക്ടര്‍ ശിപാര്‍ശ ചെയ്തു. ടാക്സി ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി (ടാസ്കോസ് നമ്പര്‍ ടി-414 കരകുളം) വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്. എന്നാല്‍, വ്യക്തികളില്‍നിന്നും ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ഇവര്‍ വന്‍ തുക വായ്പ എടുത്തിട്ടുണ്ട്. സൊസൈറ്റിക്ക് അനുവദിച്ച പെര്‍മിറ്റുകള്‍ പാട്ടത്തിന് നല്‍കിയത് അന്വേഷിക്കും. ഇതു സംബന്ധിച്ച തീരുമാനത്തിന്‍െറയും പണമിടപാടുകളുടെയും രേഖകളും പരിശോധിക്കും. സൊസൈറ്റിക്ക് ധനകാര്യസ്ഥാപനങ്ങള്‍ എത്ര തുക വായ്പ നല്‍കിയിട്ടുണ്ടെന്നും എത്ര കുടിശ്ശികയുണ്ടെന്നും അന്വേഷിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് അനുവദിച്ച നാലു പെര്‍മിറ്റുകള്‍ റദ്ദാക്കിയത്. കലക്ടര്‍ ചെയര്‍മാനായ പ്രിയദര്‍ശിനി സൊസൈറ്റിയുടെ (തിരുവനന്തപുരം ജില്ലാ എസ്.സി/എസ്.ടി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോഓപറേറ്റിവ് സൊസൈറ്റി നമ്പര്‍ ടി-870, ആറ്റിങ്ങല്‍) രണ്ടു ബസ് പെര്‍മിറ്റുകള്‍ പുതുക്കുന്നത് അന്വേഷണത്തിന് ശേഷം മതിയെന്ന് തീരുമാനിച്ചു. ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടും നികുതി കുടിശ്ശികയും സൊസൈറ്റി വരുത്തിയിട്ടുണ്ട്. സൊസൈറ്റിയുടെ വരവുചെലവ് കണക്കുകള്‍ ഹാജരാക്കിയിട്ടില്ല. ഇക്കാര്യങ്ങളില്‍ കലക്ടറുടെ നേരിട്ടുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പെര്‍മിറ്റ് പുതുക്കേണ്ടതില്ളെന്നാണ് തീരുമാനം. പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പെര്‍മിറ്റ് ദുരുപയോഗം ചെയ്ത് സര്‍വിസ് നടത്തുന്നുവെന്ന് പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സന്തോഷ്കുമാര്‍ എന്ന വ്യക്തിക്ക് അനുവദിച്ചിരുന്ന പെര്‍മിറ്റും പുതുക്കുന്നത് മാറ്റിവെച്ചു. ഉടമസ്ഥന്‍െറ പേരിലുള്ള രേഖകളും വാഹനവും ഹാജരാക്കിയശേഷം ഇക്കാര്യം പരിഗണിക്കും. പെര്‍മിറ്റ് റദ്ദാക്കിയതും പുതുക്കാത്തതുമായ റൂട്ടുകളില്‍ സര്‍വിസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദേശിച്ചു. പെര്‍മിറ്റുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി, പ്രിയദര്‍ശിനി എന്നീ സൊസൈറ്റികള്‍ക്കായി നവംബര്‍ അഞ്ചിന് വൈകീട്ട് നാലിന് കലക്ടര്‍ ഹിയറിങ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.