25 വീടുകള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ്: റെയ്ഡ് തുടരും

തിരുവനന്തപുരം: കരിമഠം കോളനിയില്‍ ബി.എസ്.യു.പി പദ്ധതിപ്രകാരം അനുവദിച്ച വീടുകളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി അനധികൃത താമസക്കാരുള്ളതായി കണ്ടത്തെിയ 25 വീടുകളുടെ ഉടമസ്ഥര്‍ക്ക് ശനിയാഴ്ച നോട്ടീസ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. റെയ്ഡ് വരുംദിവസങ്ങളിലും തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ബി.എസ്.യു.പി പദ്ധതി പ്രകാരം 140 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് അനുവദിച്ചത്. എന്നാല്‍, ഈ വീടുകളില്‍ പലതും വാടകക്ക് കൊടുക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ കഞ്ചാവ്, മയക്കുമരുന്ന്, മദ്യം തുടങ്ങിയവ വില്‍പന നടത്തുന്നതായും വിവരമുണ്ട്. ഗുണഭോക്തൃ പട്ടികയിലുള്ള 320 ഓളം പേര്‍ വീടിനായി കാത്തിരിക്കുമ്പോഴാണ് വീട് ലഭിച്ചവര്‍ വാടകക്ക് നല്‍കുന്നത്. ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് വരെ വീട് ലഭിച്ചതായി പരാതിയുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഒഴിപ്പിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ തങ്ങള്‍ ഈ വീടുകളില്‍ താമസക്കാരാണെന്ന കൃത്യമായ രേഖ സഹിതം ഈമാസം 21ന് കലക്ടറേറ്റില്‍ നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാക്കണം. കോര്‍പറേഷന്‍ പ്ളാനിന് വിരുദ്ധമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഒഴിപ്പിക്കുന്ന വീടുകള്‍ സര്‍ക്കാറോ കോര്‍പറേഷനോ നിര്‍ദേശിക്കുന്ന രീതിയില്‍ ഗുണഭോക്തൃലിസ്റ്റിലെ മുന്‍ഗണനാക്രമം അനുസരിച്ച് നല്‍കാന്‍ ശിപാര്‍ശ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.