വിഴിഞ്ഞത്തും മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

വിഴിഞ്ഞം: പൂവാറിനുപിന്നാലെ വിഴിഞ്ഞത്തും മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വെങ്ങാനൂരിനടുത്ത് പനങ്ങോട് 11പേരെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചെമ്പല്ലി മത്സ്യം കഴിച്ചവര്‍ക്കാണ് ബുധനാഴ്ച രാവിലെയോടെ ഭക്ഷ്യവിഷബാധ ലക്ഷണങ്ങള്‍ കണ്ടത്. ഛര്‍ദി, വയറിളക്കം, കൈകാല്‍ മരവിപ്പ്, വിയര്‍പ്പ്, തളര്‍ച്ച എന്നിവയുണ്ടായ അടുത്തടുത്ത വീടുകളിലെ അംഗങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനങ്ങോട് ആര്‍.കെ.എന്‍ റോഡുനിവാസികളായ വാമദേവന്‍(48), ഉഷ(45), ഗീതു(26), നീതു(23), അനില്‍കുമാര്‍(40), ഗോപകുമാര്‍(40), അനില്‍കുമാര്‍(39), റീന(35), ആരോമല്‍(11), അയല്‍വാസികളായ സജി(40),അംബിക(52)എന്നിവരാണ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. ഇവരില്‍ നാലു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കഴിഞ്ഞദിവസം വാങ്ങിയ ചെമ്പല്ലി മത്സ്യം പാചകം ചെയ്തുകഴിച്ചവര്‍ക്കാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. മുക്കോല, വെങ്ങാനൂര്‍ ചന്തകളില്‍നിന്നാണ് ഇവര്‍ മീന്‍ വാങ്ങിയതെന്നും അധികൃതര്‍ പറഞ്ഞു. മത്സ്യത്തിന്‍െറ അവശേഷിച്ച സാമ്പ്ള്‍ പരിശോധനക്കായി ഭക്ഷ്യസുരക്ഷാവിഭാഗത്തിനുനല്‍കി. മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തില്‍ ജില്ലാതലത്തില്‍ മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിത വിജയന്‍ അറിയിച്ചു. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവര്‍ സംയുക്തമായാവും പരിശോധന നടത്തുക. തിങ്കളാഴ്ച പൂവാറില്‍ നാലുപേര്‍ക്കായിരുന്നു മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.