വിളപ്പില്‍ശാല: നേതൃത്വം ചതിച്ചെന്ന് ആരോപിച്ച് വിമതവിഭാഗം രംഗത്തിറങ്ങിയതോടെ വിളപ്പിലില്‍ കോണ്‍ഗ്രസ് പരുങ്ങലില്‍. പഞ്ചായത്തിലുടനീളം സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണത്തിനുപോലും അണികളില്ലാത്ത സ്ഥിതിയാണ് കോണ്‍ഗ്രസിന്. പല വാര്‍ഡിലും പ്രാദേശിക നേതൃത്വം നിശ്ചയിച്ചുറപ്പിച്ച സ്ഥാനാര്‍ഥികള്‍ക്ക് പകരം ഉന്നതങ്ങളില്‍നിന്ന് ചിലരെ കെട്ടിയിറക്കിയതാണ് വാര്‍ഡ് കമ്മിറ്റികളെ ചൊടിപ്പിച്ചത്. സ്ഥാനാര്‍ഥിയെന്ന് പരിചയപ്പെടുത്തി വാര്‍ഡില്‍ കൊണ്ടുനടന്ന് ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയവരില്‍ മിക്കവരും ഒഴിവാക്കപ്പെട്ടു. ഇതോടെ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ രഹസ്യതീരുമാനമെടുത്തിരിക്കുകയാണ് പ്രാദേശികഘടകങ്ങള്‍. കാരോട് വാര്‍ഡില്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കാന്‍ നിശ്ചയിച്ച ആശാ വര്‍ക്കര്‍ അനിതക്ക് കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥിത്വം നല്‍കിയിരുന്നു. ഒന്നാംഘട്ട പര്യടനം കഴിഞ്ഞ് നാമനിര്‍ദേശപത്രിക നല്‍കാന്‍ പ്രാദേശികഘടകത്തെ സമീപിച്ചപ്പോഴാണ് വാര്‍ഡില്‍ പുതിയ സ്ഥാനാര്‍ഥിയെ അവരോധിച്ച് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി ചതിച്ചത്. വിളപ്പില്‍ശാല ബ്ളോക് ഡിവിഷനില്‍ ജേക്കബിന് സീറ്റു നല്‍കാനായിരുന്നു ആദ്യ ധാരണ. എന്നാല്‍, അവസാനവട്ട ചര്‍ച്ചയില്‍ വിളപ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിനോദ് രാജിനെയാണ് പരിഗണിച്ചത്. പ്രാദേശികമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ജേക്കബ് വഴങ്ങാതെവന്നതോടെ കഴിഞ്ഞദിവസം ജില്ലാ നേതൃത്വം ഇടപെട്ടാണ് വിനോദിന് സീറ്റ് ഉറപ്പിച്ചത്. ഡി.സി.സി ഓഫിസില്‍ ചൊവ്വാഴ്ച രാത്രി നടന്ന അനുരഞ്ജന ചര്‍ച്ചക്കിടെ ജേക്കബും ഡി.സി.സി ഭാരവാഹികളും തമ്മില്‍ കൈയാങ്കളിയും നടന്നുവത്രെ. ചെറുകോട് അടക്കം മൂന്ന് വാര്‍ഡില്‍ സ്വാധീനമുള്ള ജേക്കബ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തറപറ്റിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്. പേയാട് ഹൈസ്കൂള്‍ വാര്‍ഡ് അംഗം പങ്കജാക്ഷിയമ്മക്ക് സീറ്റ് നല്‍കണമെന്നായിരുന്നു വാര്‍ഡ് കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം. ഇത് മുഖവിലക്കെടുക്കാതെ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ ശക്തന്‍െറ സമ്മര്‍ദത്തിനു വഴങ്ങി പഞ്ചായത്ത് പ്രസിഡന്‍റ് സുനിതകുമാരിയുടെ ഭര്‍ത്താവ് ഹരിയെ സ്ഥാനാര്‍ഥിയാക്കി. ഇതില്‍ പ്രതിഷേധിച്ച് പങ്കജാക്ഷി ഹരിക്കെതിരെ സ്വതന്ത്രയായി മത്സരിക്കാന്‍ പത്രിക നല്‍കി. കരുവിലാഞ്ചി വാര്‍ഡില്‍ വാര്‍ഡ് കമ്മിറ്റി നിശ്ചയിച്ച കുമാരിലതക്ക് സീറ്റ് നല്‍കാതെ ഐ ഗ്രൂപ്പുകാരനായ ജയകുമാറിനെ സ്ഥാനാര്‍ഥിയാക്കി. ഇതോടെ കുമാരിലത സ്വതന്ത്രയായി രംഗത്തുണ്ട്. അലകുന്നം വാര്‍ഡില്‍ പ്രാദേശിക നേതാക്കളെ തഴഞ്ഞ് നഗരത്തില്‍ സ്ഥിരതാമസക്കാരനായ വാസുദേവന്‍നായരെ സ്ഥാനാര്‍ഥിയാക്കിയതും അണികളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. വിളപ്പില്‍ശാല വാര്‍ഡില്‍ കോണ്‍ഗ്രസിന്‍െറ മഹിളാനേതാവിനെ ഒഴിവാക്കി നിലവിലെ വാര്‍ഡ് അംഗത്തിന്‍െറ താല്‍പര്യപ്രകാരം മറ്റൊരു സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.