കളംമാറ്റവും വിമതശബ്ദവും; രംഗം കൊഴുക്കുന്നു

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ ചുവടുമാറ്റങ്ങളുടെയും വിമതനീക്കങ്ങളുടെയും ചിത്രം വ്യക്തമായിത്തുടങ്ങി. രാഷ്ട്രീയ നിലപാടുകള്‍ക്ക് പുറമെ സീറ്റ് നിഷേധവും പ്രാദേശിക പിണക്കങ്ങളുമെല്ലാം വിമതരുടെയും ‘സ്വതന്ത്ര’രുടെയും പിറവിക്ക് കാരണമായി. കളംമാറിയവരില്‍ സംസ്ഥാന നേതാക്കള്‍ മുതല്‍ രണ്ട് മൂന്നും പ്രാവശ്യം സീറ്റ് കിട്ടിയിട്ടും കൊതിയടങ്ങാത്തവരുമുണ്ട്. സഖ്യനീക്കങ്ങള്‍ പരാജയപ്പെട്ട് സി.പി.ഐയും സി.പി.എമ്മും ഒറ്റക്ക് മത്സരിക്കുന്ന പഞ്ചായത്തും വാര്‍ഡുകളുമുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ അമ്പലത്തറ വാര്‍ഡ് യു.ഡി.എഫ് കൗണ്‍സിലറും ജനതാദള്‍-യു യുവജനവിഭാഗം സംസ്ഥാന നേതാവുമായ മുജീബുറഹ്മാന്‍ ഇക്കുറി കമലേശ്വരത്തുനിന്ന് സി.പി.എം ടിക്കറ്റിലാണ് ജനവിധി തേടുന്നത്. ആര്‍.എസ്.പി ജില്ലാ കമ്മിറ്റി അംഗം സി.പി.എം ബാനറില്‍ മത്സരിക്കുന്ന പേട്ട വാര്‍ഡാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി അംഗം പി. ഹരികുമാര്‍ ജഗതിയില്‍ സി.പി.എം സ്വതന്ത്രനായാണ് ജനവിധി തേടുന്നത്. മാണിക്യവിളാകത്ത് കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമതനുവേണ്ടിയാണ് വാര്‍ഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. കോര്‍പറേഷനിലെ ഒരു വാര്‍ഡില്‍ ഏഴ് കോണ്‍ഗ്രസ് വിമതര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും പൗണ്ട്കടവില്‍ അനിശ്ചിതത്വം തുടരുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടുപേര്‍ യു.ഡി.എഫില്‍നിന്ന് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സമവായ ചര്‍ച്ചകളിലൂടെ ഒരാളെ പിന്‍വലിപ്പിക്കാനാണ് നീക്കം. നാവായിക്കുളം പഞ്ചായത്ത് മുക്കുകട വാര്‍ഡില്‍ സി.പി.എം ഒൗദ്യോഗിക സ്ഥാനാര്‍ഥി റിയാസ് മുഹമ്മദിനൊപ്പം സി.പി.എമ്മുകാരനും നാലാം വാര്‍ഡ് അംഗവുമായ അലിയാരുകുഞ്ഞും സ്വതന്ത്രനായി രംഗത്തുണ്ട്. സി.പി.എം പാര്‍ട്ടി അംഗം ജനതാദള്‍ ചിഹ്നത്തില്‍ മത്സരിക്കുന്നതും ഇതേ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ്. നന്ദിയോട് പഞ്ചായത്തിലെ എട്ട് വാര്‍ഡിലും നെല്ലനാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ബാലരാമപുരം പഞ്ചായത്തിലെ നാല് വാര്‍ഡിലും സി.പി.ഐയും സി.പി.എമ്മും ഒറ്റക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുണ്ട്. പിന്മാറ്റമില്ളെന്നുറച്ച് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം നെല്ലനാട്ട് പത്രിക നല്‍കി. ഈ പഞ്ചായത്തില്‍തന്നെ നാല് വാര്‍ഡില്‍ കോണ്‍ഗ്രസ് റെബലുകളും മത്സരത്തിനുണ്ട്. കാട്ടാക്കട, പൂവച്ചല്‍, കുറ്റിച്ചല്‍, ആര്യനാട്, മാറനല്ലൂര്‍, കള്ളിക്കാട് പഞ്ചായത്തുകളില്‍ പല വാര്‍ഡിലും യു.ഡി.എഫിന് വിമതരുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയിലെ വഴിമുക്കില്‍ കോണ്‍ഗ്രസും ലീഗും ഒറ്റക്ക് മത്സരിക്കാനുറച്ച് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പാങ്ങോട് പഞ്ചായത്തിലെ അംബേദ്കര്‍ കോളനി വാര്‍ഡില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം മുന്നണിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കൊപ്പം സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. സി.പി.ഐയാണ് മുന്നണി ധാരണപ്രകാരം ഇവിടെ മത്സരിക്കുന്നത്. അടപ്പുപാറ വാര്‍ഡില്‍ സി.പി.എമ്മിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയും ഏരിയ കമ്മിറ്റി അംഗവുമായ ചിത്രകുമാരിക്കെതിരെ നിലവില്‍ എക്സ് കോളനി വാര്‍ഡ് അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമായ സുരേഷ് വോട്ട് തേടുന്നുണ്ട്. 1995-2000 കാലത്ത് എല്‍.ഡി.എഫ് ഭരിച്ച മംഗലപുരം പഞ്ചായത്തില്‍ പ്രസിഡന്‍റായിരുന്ന ഉഷാ സുരേഷ് ഇക്കുറി ജില്ലാ പഞ്ചായത്ത് മുരുക്കുംപുഴ ഡിവിഷനില്‍ യു.ഡി.എഫ് സീറ്റില്‍ മത്സരരംഗത്താണ്. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റായ കവിതയാണ് ഉഷയുടെ എതിരാളി. എല്‍.ഡി.എഫിന്‍െറ നിലവിലെ ബ്ളോക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രന്‍ പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ കാനാറ വാര്‍ഡില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ പത്രിക നല്‍കി. വെള്ളറട പഞ്ചായത്തിലെ മുന്‍ യു.ഡി.എഫ് അംഗം ബാലന്‍ ഇക്കുറി പന്നിമല വാര്‍ഡില്‍നിന്ന് എല്‍.ഡി.എഫ് സീറ്റില്‍ മത്സരിക്കുന്നുണ്ട്. അമ്പൂരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്ന എല്‍.ഡി.എഫിലെ ലാലിജോണ്‍ അമ്പൂരി വാര്‍ഡില്‍നിന്ന് യു.ഡി.എഫ് സീറ്റിലാണ് ജനവിധി തേടുന്നത്. ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് വൈസ് പ്രസിഡന്‍റായിരുന്ന സുഖദേവന്‍ മഞ്ചന്‍കോട് വാര്‍ഡില്‍ യു.ഡി.എഫ് കുപ്പായത്തില്‍ വോട്ട് തേടുകയാണ്. യുവമോര്‍ച്ച മുന്‍ ജില്ലാ ഭാരവാഹി പൊയ്കമുക്ക് ഹരി എല്‍.ഡി.എഫ് സ്വതന്ത്രനായി ജനസമ്മിതി തേടുന്നത് മുദാക്കല്‍ പഞ്ചായത്തിലെ പൊയ്കമുക്ക് വാര്‍ഡിലാണ്. നെടുമങ്ങാട് മുനിസിപ്പാലിറ്റി നെട്ടയില്‍ വാര്‍ഡില്‍ കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗം രേണുകാദേവി ഇക്കുറി സി.പി.ഐ ബാനറിലാണ് ജനവിധി തേടുന്നത്. കോട്ടുകാല്‍ പഞ്ചായത്തില്‍ നിലവിലെ 19ാം വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന സി.പി.എം അംഗം ബിന്ദു ഇക്കുറി ബി.ജെ.പിയുടെ ബ്ളോക് പഞ്ചായത്ത് സ്ഥാനാര്‍ഥിയാണ്. ബുധനാഴ്ച പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നെങ്കിലും ഡമ്മി സ്ഥാനാര്‍ഥികളുള്‍പ്പെടെ പത്രിക സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ വിമതരുടെ ചിത്രം വ്യക്തമായിട്ടില്ല. 17ന് പത്രിക പിന്‍വലിക്കാനുള്ള സമയം തീരുന്നതോടെയേ അവസാനചിത്രം വ്യക്തമാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.