ആറ്റിങ്ങല്‍ ഇരട്ടക്കൊല: സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിനെ കോടതിയില്‍ തിരിച്ചറിഞ്ഞ നാട്ടുകാരായ സാക്ഷികള്‍ നിര്‍ണായക മൊഴി നല്‍കി. ആലംകോട് സ്വദേശികളായ ആദര്‍ശ്, ജയചിത്ത്, അശോകന്‍ എന്നിവരാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. ഇവരില്‍ ജയചിത്ത്, അശോകന്‍ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവദിവസം നിനോ മാത്യു ധരിച്ചിരുന്ന വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന ബാഗും ഇരുവരും തിരിച്ചറിഞ്ഞു. അതേസമയം, രണ്ടാം പ്രതി അനുശാന്തിയുടെ ജാമ്യവ്യവസ്ഥ സെഷന്‍സ് ജഡ്ജി വി.ഷിര്‍സി ഇളവ് ചെയ്തു. തലസ്ഥാന ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ചൊവ്വാഴ്ച ആദ്യം വിസ്തരിച്ചത് ലിജീഷിന്‍െറ അയല്‍വാസിയായ ആദര്‍ശിനെയായിരുന്നു. 2014 ഏപ്രില്‍ 14ന് വീട്ടിലിരിക്കുമ്പോള്‍ ഉച്ചക്ക് ഒരു മണിയോടെ നിലവിളി കേട്ടു. അയല്‍വാസിയായ ലിജീഷിന്‍െറ നിലവിളിയാണെന്ന് മനസ്സിലായി വീടിനുപുറത്ത് വന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്നത് കണ്ടു. ഭാര്യയോടൊപ്പം ജോലി ചെയ്യുന്ന നിനോ മാത്യു തന്നെ ആക്രമിച്ചെന്നും ലിജീഷിന്‍െറ അമ്മ ഓമനക്കും മകള്‍ സ്വാസ്തികക്കും പരിക്കേറ്റതായും ലിജീഷ് പറഞ്ഞു. ഈസമയം വീട്ടിലത്തെിയ ലിജീഷിന്‍െറ അച്ഛന്‍ തങ്കപ്പന്‍ ചെട്ടിയാരും നാട്ടുകാരും ലിജീഷിന്‍െറ അമ്മയെയും മകളെയും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ചു. സംഭവദിവസം ഉച്ചക്ക് 12ഓടെ ആലംകോട് ജങ്ഷനിലേക്ക് പോയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ബാഗ് തൂക്കി വരുന്നത് കണ്ടതായാണ് ജയചിത്ത് മൊഴി നല്‍കിയത്. അപരിചിതനായതിനാല്‍ അയാളെ ശ്രദ്ധിച്ചു. ആ ചെറുപ്പക്കാരനാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്നും നിനോ മാത്യു സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങളും ബാഗുമാണ് കോടതിയിലുള്ളതെന്നും മൊഴി നല്‍കി. പിന്നീട് ഒരു മണിയോടെ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ ലിജീഷിന്‍െറ വീടിന് മുന്‍വശം ആള്‍ക്കൂട്ടം കണ്ടു. ഭാര്യയുടെ സഹപ്രവര്‍ത്തകനായ നിനോ മാത്യുവാണ് ആക്രമിച്ചതെന്ന് ലിജീഷ് പറഞ്ഞു. ലിജീഷിന്‍െറ വീടിന് പിറകുവശത്തെ വയലില്‍ പശുവിനെ കെട്ടാന്‍ നില്‍ക്കുമ്പോള്‍ ദൂരെ നിലവിളി കേട്ടതായി ഡ്രൈവര്‍ അശോകന്‍ മൊഴി നല്‍കി. ഉടന്‍ ബാഗ് തൂക്കി ഒരാള്‍ തന്‍െറ സമീപത്തുകൂടി വളരെ വേഗം ഓടിപ്പോയി. അത് നിനോ മാത്യുവായിരുന്നെന്ന് മൊഴി നല്‍കിയ അശോകന്‍ പ്രതിയെയും അയാളുടെ വസ്ത്രവും ബാഗും കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച അഞ്ചുമുതല്‍ 12 വരെ സാക്ഷികളെ വിസ്തരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.