തൊഴിലുറപ്പ് പദ്ധതി അട്ടിമറി വിജിലന്‍സ് അന്വേഷിക്കണം –ഓംബുഡ്സ്മാന്‍

നേമം: പള്ളിച്ചല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന ക്രമക്കേട് വിജിലന്‍സ് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് താമസക്കാരിയും തൊഴിലുറപ്പ് തൊഴിലാളിയുമായ വി.വി.വിജിത ഓംബുഡ്സ്മാന് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഓംബുഡ്സ്മാന്‍ വിധി. വാര്‍ഡ് അംഗം ബിന്ദു, ഓവര്‍സിയര്‍ ഷിജി എന്നിവര്‍ തന്‍െറ തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നെന്ന് വിജിത പരാതി നല്‍കുകയായിരുന്നു. നഷ്ടമായ തൊഴില്‍ ദിനങ്ങളുടെ കൂലി ദിവസം 229 രൂപ നിരക്കില്‍ ബിന്ദു, ഷിജി എന്നിവരില്‍നിന്ന് ഈടാക്കി വിജിതക്ക് നല്‍കാനും ഓംബുഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നു. പാര്‍ട്ടി നടത്തിയ വികസന സെമിനാറില്‍ പങ്കെടുക്കുകയും എന്നാല്‍ അന്നേ ദിവസം മസ്റ്റര്‍ റോളില്‍ ഒപ്പിട്ട് വേതനം കൈപ്പറ്റുകയും ചെയ്ത 64 തൊഴിലാളികള്‍ അത് തൊഴിലുറപ്പ് ഫണ്ടില്‍ തിരിച്ചടയ്ക്കാനും തുക കൈപ്പറ്റിയ ദിവസം മുതല്‍ തിരിച്ചടയ്ക്കുന്ന ദിവസം വരെ ഒരു രൂപക്ക് അഞ്ചു പൈസ നിരക്കില്‍ പിഴ ഈടാക്കാനും ഉത്തരവില്‍ പറയുന്നു. കൂടാതെ തൊഴിലുറപ്പ് പദ്ധതി ദുരുപയോഗം ചെയ്ത് സ്വാതന്ത്ര്യദിനത്തില്‍ തൊഴിലാളികളെക്കൊണ്ട് പണി എടുപ്പിക്കുകയും ചെയ്ത 74 തൊഴിലാളികളുടെ ഇരട്ടി വേതനം വാര്‍ഡ് അംഗം ബിന്ദുവില്‍നിന്ന് ഈടാക്കി തൊഴിലുറപ്പ് ഫണ്ടില്‍ ഉത്തരവ് ഇറങ്ങുന്ന ദിവസം മുതല്‍ മുപ്പത് ദിവസത്തിനകം അടയ്ക്കാനും പറയുന്നു. ഇതില്‍നിന്ന് ഒരു ദിവസത്തെ വേതനം ദേശീയോത്സവദിനം ജോലി ചെയ്തതിനുള്ള ഇരട്ടി വേതനമായി തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുമാണ്. നേമം വി.ഡി.ഒയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം പകുതി സമയം ജോലി ചെയ്യുകയും ബാക്കി പൊതു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്ത തൊഴിലാളികളുടെ വേതനം നല്‍കാതിരിക്കുകയും ആയത് നല്‍കിയിട്ടുണ്ടെങ്കില്‍ തിരികെ പിടിച്ച് എം.ജി.എന്‍.ആര്‍.ജി.എസ് ഫണ്ടില്‍ തിരിച്ചടയ്ക്കേണ്ടതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്ള മുഴുവന്‍ മേറ്റ്/കണ്‍വീനര്‍മാരെയും മാറ്റി പുതിയ ആള്‍ക്കാരെ നിയമിക്കാനും അഞ്ചാം വാര്‍ഡിലെ ചുമതലയുള്ള ഷിജിയെ മാറ്റി പുതിയ ഓവര്‍സിയറെ നിയമിക്കാനും ഒംബുഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.