ബീഫ് ഫെസ്റ്റിവല്‍ പൊലീസ് തടഞ്ഞ സംഭവം: സ്റ്റേഷനുമുന്നില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: എസ്.ഐ.ഒ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല്‍ പൊലീസ് തടഞ്ഞതോടെ സ്റ്റേഷനുമുന്നില്‍ പ്രതിഷേധമിരമ്പി. പ്ളക്കാര്‍ഡേന്തി ഒരു മണിക്കൂറോളം പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. പ്രതിഷേധസംഗമത്തിനുള്ള അനുമതിക്കായി എത്തിയപ്പോഴും ‘ബീഫ്’ ഉണ്ടോ എന്ന് സംശയത്തോടെ ചോദിച്ചതായി ജില്ലാ നേതാക്കള്‍ പറയുന്നു. പരിപാടിക്കായി വൈകീട്ട് നാലോടെ ശംഖുംമുഖത്തത്തെിയ പ്രവര്‍ത്തകരെയെല്ലാം പൊലീസ് കുറ്റവാളികളെപ്പോലെ സ്റ്റേഷനിലത്തെിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ബീച്ച് കാണാനത്തെിയവരെ വരെ ‘ബീഫ്’ കഴിക്കാനത്തെിയവരെന്ന് തെറ്റിദ്ധരിച്ച് സ്റ്റേഷനിലത്തെിച്ചു. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചാണ് ഇവരെ വിട്ടയച്ചത്. നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. എസ്.ഐ.ഒ സംസ്ഥാന പി.ആര്‍ സെക്രട്ടറി എസ്. ആദില്‍ അഭിസംബോധന ചെയ്തു. സമാധാനപരമായ സമരത്തെ നിഗൂഢവത്കരിക്കാന്‍ പൊലീസ് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഉപരോധിച്ചെന്ന പേരില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തതായും വിവരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.