108 ആംബുലന്‍സുകള്‍ "അത്യാഹിത'ത്തില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്തതോടെ 108 ആംബുലന്‍സ് സര്‍വിസ് നാശത്തിന്‍െറ വക്കിലേക്ക്. ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ജൂലൈ 15 മുതലാണ് ജി.വി.കെ ഇ.എം.ആര്‍.ഐ എന്ന കമ്പനിയില്‍ നിന്ന് 108 ആംബുലന്‍സിന്‍െറ നടത്തിപ്പ് ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. ടെക്നോപാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരെ കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ജീവനക്കാരെ എന്‍.ആര്‍.എച്ച്.എമ്മും ഏറ്റെടുത്തു. കെ.എം.എസ്.സി.എല്‍ ഏറ്റെടുത്ത ഉടന്‍ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ക്ക് 12 മണിക്കൂറിന് 400 രൂപ ദിവസവേതനമായി നിശ്ചയിച്ചു. ഒപ്പം പി.എഫ് ആനുകൂല്യം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ് എന്‍.ആര്‍.എച്ച്.എം ഏറ്റെടുത്ത ആംബുലന്‍സിലെ ജീവനക്കാരായ പൈലറ്റിന് 12 മണികൂറിന് 450 രൂപയും നഴ്സുമാര്‍ക്ക് 12 മണിക്കൂറിനു 500രൂപയും വേതനമായി നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 500 രൂപ മുദ്രപ്പത്രത്തില്‍ കരാര്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തു. എന്നാല്‍, നഴ്സുമാര്‍ക്ക് 500 രൂപ ശമ്പളം ലഭിക്കേണ്ട സ്ഥാനത്ത് 463 രൂപ മാത്രമേയുള്ളൂ. കാരണം അന്വേഷിച്ച ജീവനക്കാരോട് ഒഴിഞ്ഞുമാറുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. കമ്പനിയായിരുന്ന സമയത്ത് ജീവനക്കാര്‍ക്ക് പി.എഫ്, ഇ.എസ്.ഐ, അപകട ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഇവ നിര്‍ത്തലാക്കി. ആംബുലന്‍സ് വര്‍ക്ഷോപ്പിലായാല്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കണമെന്ന് നിയമം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. രണ്ടു മാസമായി ആംബുലന്‍സ് വര്‍ക്ഷോപ്പിലായതുകാരണം ശമ്പളം ലഭിക്കാത്ത ജീവനക്കാരുണ്ട്. ജില്ലയില്‍ 25 ആംബുലന്‍സുകളാണുള്ളത്. ഇവയില്‍ അഞ്ചെണ്ണം കൊച്ചുവേളിയിലെ വര്‍ക്ഷോപ്പിലാണ്. ജീവന്‍രക്ഷാ മരുന്നുകള്‍, ഓക്സിജന്‍ എന്നിവയുടെ അഭാവം, ഉപകരണങ്ങളുടെ തകരാര്‍ എന്നിവ കാരണം 19 എണ്ണവും റോഡപകടങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് ഒതുങ്ങി. കേശവപുരത്ത് ഓടുന്ന ആംബുലന്‍സ് മാത്രമാണ് എല്ലാത്തരം അത്യാഹിതങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന ഏക ആംബുലന്‍സ്. ആലപ്പുഴയിലും സമാന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.