ദേശീയ നൃത്ത മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചു

വട്ടിയൂര്‍ക്കാവ്: ഗുരുഗോപിനാഥ് നടന ഗ്രാമത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുരുഗോപിനാഥ് ദേശീയനൃത്ത മ്യൂസിയം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗുരുജിക്കുള്ള ഏറ്റവും വലിയ ഉപഹാരമാണ് ദേശീയ നൃത്ത മ്യൂസിയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൃത്ത രംഗത്ത് മ്യൂസിയം മികച്ച സംഭാവനയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള മൂന്നുകോടി രൂപ വൈകാതെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അധ്യഷതവഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന കലോപാസകരായ മഞ്ജു ഭാര്‍ഗവി, കലാമണ്ഡലം സുഗന്ധി, കോട്ടയം ഭാവാനി ചെല്ലപ്പന്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി എന്നിവരെ മുഖ്യമന്ത്രി പൊന്നാടചാര്‍ത്തി ആദരിച്ചു. ഭാരതത്തിലെയും വിദേശ രാജ്യങ്ങളിലെയും ഒട്ടുമിക്ക നൃത്തരൂപങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഇനി മുതല്‍ നൃത്ത മ്യൂസിയത്തില്‍നിന്ന് ലഭ്യമാകും. അഞ്ച് ഡി ഇഫക്ടോടുകൂടിയ ഡി. ടി.എസ്. സജ്ജീകരണമുള്ള തിയറ്റര്‍, സാങ്കേതിക തികവുള്ള ഓഡിറ്റോറിയം, ഡിജിറ്റലൈസ് ചെയ്ത ലൈബ്രറി, ഗവേഷണ കേന്ദ്രം, നിരവധി നൃത്ത രൂപങ്ങളുടെ മെഴുകുപ്രതിമകള്‍ ഉള്‍പ്പെടെയുള്ളവ മ്യൂസിയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 12കോടി ചെലവിട്ടാണ് മ്യൂസിയം സ്ഥാപിക്കപ്പെടുന്നത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കൗണ്‍സിലര്‍മാരായ ടി.കെ ശ്രീലേഖ, ജി.എസ്. ഷീന, പത്മകുമാരി, എ.ഐ.സി.സി അംഗം കാവല്ലൂര്‍ മധു, വിനോദിനി ശശിമോഹന്‍, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. നടനഗ്രാമം വൈസ് ചെയര്‍മാന്‍ ഡി. സുദര്‍ശനന്‍ ചടങ്ങില്‍ സ്വാഗതവും സെക്രട്ടറി സണ്ണി ജെയിംസ് നന്ദിയും പറഞ്ഞു. ഞായാറാഴ് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശം നല്‍കും. തിങ്കളാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പാസ് ഏര്‍പ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.