തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ തത്സമയ ടിക്കറ്റ് വിതരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. നേരത്തേ പ്രധാനകവാടത്തിന് വലതു വശത്തുണ്ടായിരുന്ന ടിക്കറ്റ് വിതരണ കേന്ദ്രം ഇനി മുതല്‍ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ താഴത്തെ നിലയിലായിരിക്കും പ്രവര്‍ത്തിക്കുക. എട്ട് കൗണ്ടറുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ പുതിയ കൗണ്ടറില്‍ മതിയായ ജീവനക്കാരില്ലാത്തത് യാത്രക്കാര്‍ക്ക് വിനയാകുമെന്ന ആശങ്കയുണ്ട്. 24 ജീവനക്കാര്‍ മാത്രമാണ് ടിക്കറ്റ് വിതരണ വിഭാഗത്തിലുള്ളത്. ഏഴ് കൗണ്ടറുണ്ടായിരുന്ന പഴയ സംവിധാനത്തില്‍ 34 ജീവനക്കാരുടെ തസ്തികയുണ്ട്. എന്നാല്‍ വിരമിക്കലിന് അനുസൃതമായി ജീവനക്കാരെ നിയോഗിച്ചിട്ടില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജീവനക്കാരില്ലാത്തതിനാല്‍ പുതിയ 12 കൗണ്ടറുകള്‍ സജ്ജമായെങ്കിലും ഇതില്‍ പകുതി മാത്രമേ തുറക്കാനായുള്ളൂ. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും റെയില്‍വേക്ക് ഇതിന് സാധിക്കാറില്ല. കുറഞ്ഞത് 50 പേരെങ്കിലും ഉണ്ടെങ്കിലേ കൗണ്ടറുകള്‍ പൂര്‍ണസജ്ജമാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് വിവരം. എട്ടുമണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായാണ് ടിക്കറ്റ് വിതരണരക്കാരെ കൗണ്ടറില്‍ നിയോഗിക്കേണ്ടത്. 7000 ടിക്കറ്റുകളാണ് ദിവസവും ഇവിടെ വിതരണം ചെയ്യുന്നത്. റെയില്‍വേ കോമേഴ്സ്യല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. ഓണത്തിനോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും തര്‍ക്കം കാരണം ഉദ്ഘാടനം വൈകുകയായിരുന്നു. പുതിയ സംവിധാനത്തില്‍ അംഗപരിമിതര്‍ക്ക് ഒരു കൗണ്ടറിന്‍െറ ഉയരം താഴ്ത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. ടിക്കറ്റ് എടുത്ത ശേഷം പെട്ടെന്ന് പ്ളാറ്റ്ഫോമിലേക്ക് കടക്കാനായി കൗണ്ടറില്‍നിന്ന് നേരിട്ട് പാതയും ഒരുക്കിയിട്ടുണ്ട്. പ്ളാറ്റ്ഫോമില്‍ കാത്തുനില്‍ക്കുന്ന ട്രെയിനുകളുടെ വിശദാംശങ്ങളും അവ പുറപ്പെടുന്ന സമയവും കൗണ്ടറിനു വശങ്ങളിലെ മൂന്നു ടി.വി സ്ക്രീനുകളിലൂടെ അറിയാം. ഇപ്പോള്‍ മുകളിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വഴി നല്‍കുന്ന കറണ്ട് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ തത്സമയ കൗണ്ടര്‍ വഴി നല്‍കിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.