തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കടന്നുകയറ്റം മുന്‍കൂട്ടി അറിയാന്‍ സാധിക്കാത്തത് വീഴ്ചയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെയും ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരുടെയും യോഗം വിലയിരുത്തി. ഡി.സി.സി ഓഫിസില്‍ തിങ്കളാഴ്ച ഉച്ചക്കുശേഷം ചേര്‍ന്ന യോഗത്തിലാണ് അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കെ.പി.സി.സിക്കും ഭരണസംവിധാനത്തിനും ഒപ്പം ഡി.സി.സിക്കും ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല. ബി.ജെ.പിയുടെ കടന്നുകയറ്റത്തിനെതിരെ യഥാസമയങ്ങളില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെപോയത് പരാജയമാണ്. അതു ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായി. അതേസമയം, ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാനും കഴിഞ്ഞില്ല. സ്ഥാനാര്‍ഥികളെ പ്രഖ്യാപനത്തിലും തെരഞ്ഞെടുപ്പിനെ സമീപിച്ചതിലും പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ചേരിതിരിവ് ഉണ്ടായി. ചിലര്‍ പസ്പരം പാരപണിതു. ചിലര്‍ എതിര്‍ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒത്താശചെയ്തു. ഇതൊന്നും വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത തെറ്റാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഇതിനകംതന്നെ 200 ഓളം പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുകഴിഞ്ഞുവെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള വ്യക്തമാക്കി. ബി.ജെ.പിയുടെ കടന്നുകയറ്റം കോണ്‍ഗ്രസിന്‍െറ പരാജയത്തിന് കാരണമായി. അത് കോര്‍പറേഷനിലാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. അതേസമയം, 2005 ലെ തദ്ദേശതെരഞ്ഞെടുപ്പിനെക്കാള്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. പരാജയം മനസ്സിലാക്കി തെറ്റുതിരുത്തി നിയമസഭാതെരഞ്ഞെടുപ്പിനൊരുങ്ങാന്‍ നേതാക്കളോട് യോഗം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍.പ്രകാശിനെ കൂടാതെ, മുഴുവന്‍ ഡി.സി.സി ഭാരവാഹികളും ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.