സ്പെയര്‍ പാര്‍ട്സ് എത്തിക്കുന്നതില്‍ വീഴ്ച: കിളിമാനൂര്‍ ഡിപ്പോയില്‍ ഇരുപതോളം ബസുകള്‍ കട്ടപ്പുറത്ത്

കിളിമാനൂര്‍: സ്പെയര്‍ പാര്‍ട്സ് എത്തിക്കുന്നതില്‍ സ്റ്റോര്‍ കീപ്പര്‍ വീഴ്ച വരുത്തിയതിനെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തില്‍. മണ്ഡലകാലം ചൊവ്വാഴ്ച ആരംഭിക്കെ ഡിപ്പോയില്‍ 20ല്‍ പരം വാഹനങ്ങള്‍ കട്ടപ്പുറത്താണ്. ഇവയില്‍ പകുതിയോളവും തകരാര്‍ പരിഹരിച്ച് സര്‍വിസ് നടത്താമെന്നിരിക്കെ സ്റ്റോര്‍ കീപ്പറുടെ നിസ്സഹകരണം ജീവനക്കാരിലും നാട്ടുകാരിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നൂറോളം ഷെഡ്യൂളുകള്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഡിപ്പോയാണിത്. എന്നാല്‍, കഴിഞ്ഞ മൂന്നുമാസമായി സ്പെയര്‍ പാര്‍ട്സ് എത്തിക്കുന്നതില്‍ അനാസ്ഥയാണ്. നിലവില്‍ അഞ്ച് ജനുറവും 55 സര്‍വിസുകളും മാത്രമാണ് അയക്കാന്‍ കഴിയുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മേഖലയിലെ മികച്ച കളക്ഷനുള്ള പല സര്‍വിസുകളും കഴിഞ്ഞ മൂന്നുമാസത്തിനിടെ വെട്ടിച്ചുരുക്കി. നിരവധി സ്റ്റേ സര്‍വിസുകള്‍ നിര്‍ത്തലുമാക്കി. കട്ടപ്പുറത്തായവയില്‍ വേണാട് ബസുകളും ഫാസ്റ്റ് ബസുകളും ലോക്കല്‍ ബസുകളും ഉള്‍പ്പെടും. പലതിനും നിസ്സാര തകരാറുകള്‍ മാത്രമാണുള്ളതെന്നും അറിയുന്നു. അന്നത്തെ പണിക്കുള്ള സാധന സാമഗ്രികള്‍ നേരത്തെ പുറത്തുനിന്ന് വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍, നിലവിലെ സ്റ്റോര്‍ കീപ്പര്‍ ഇതിന് അനുവദിക്കുന്നില്ലത്രെ. ഇപ്പോള്‍ അസിസ്റ്റന്‍റ് ഡിപ്പോ എന്‍ജിനീയര്‍ (എ.ഡി.ഇ), ചാര്‍ജ്മാന്‍ അടക്കമുള്ളവര്‍ ലോങ് ലീവിലാണ്. ഇതും ഡിപ്പോ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. വര്‍ക്ഷോപ്പില്‍ അമ്പതിലേറെ തൊഴിലാളികളുണ്ട്. ശബരിമല സീസണിന്‍െറ ഭാഗമായി പത്തോളം വാഹനങ്ങള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറേണ്ടി വരും. ഇതോടെ ഡിപ്പോപ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.