മേയര്‍ തെരഞ്ഞെടുപ്പിന് ഒരു നാള്‍

തിരുവനന്തപുരം: മേയര്‍- ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ആരെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ച് ബി.ജെ.പിയില്‍ കടുത്ത ആശയക്കുഴപ്പം. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകളും പൊതുഅഭിപ്രായങ്ങളും ഉയര്‍ന്നുവന്നെങ്കിലും സ്ഥാനാര്‍ഥികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. ഇതിനടെ സാമൂഹികമാധ്യമങ്ങള്‍ വഴി ചില പേരുകള്‍ പ്രചരിപ്പിച്ചെങ്കിലും അക്കാര്യത്തില്‍ സമ്മതം മൂളാന്‍ ജില്ലാ നേതൃത്വം തയാറായിട്ടില്ല. വലിയവിളയില്‍നിന്ന് വിജയിച്ച അഡ്വ. ഗിരികുമാര്‍, എസ്.ആര്‍. രമ്യാരമേശ് എന്നിവരുടെ പേരുകളാണ് പ്രചരിച്ചത്. ശനിയും ഞായറുമായി നടന്ന നേതാക്കളുടെ യോഗത്തില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ആരെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് നേരത്തേ അറിയിച്ചരുന്നത്. എന്നാല്‍, തിങ്കളാഴ്ച വൈകിയും തീരുമാനമായില്ല എന്നാണ് ജില്ലാ നേതൃത്വം അറിയിച്ചത്. ഇരുസ്ഥാനങ്ങളിലേക്കും മത്സരിക്കണമെന്നും വേണ്ടെന്നും ചര്‍ച്ചകളുടെ ആദ്യഘട്ടം മുതല്‍ രണ്ടഭിപ്രായം ഉണ്ടായിരുന്നു. തുടര്‍ന്ന് വിജയിച്ച 35 കൗണ്‍സിലര്‍മാരില്‍നിന്ന് അഭിപ്രായം തേടി. തിങ്കളാഴ്ച വൈകീട്ടിനു മുമ്പ് എല്ലാ അംഗങ്ങളും അഭിപ്രായം അറിയിച്ചെങ്കിലും കൂട്ടായ തീരുമാനമെടുക്കാനായില്ല. സംസ്ഥാന സമിതി അംഗം കരമന അജിത്, നേമം നിയോജകമണ്ഡലം പ്രസിഡന്‍റ് എം.ആര്‍. ഗോപന്‍ എന്നിവരുടെ പേരുകളാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, എല്‍.ഡി.എഫിന് എന്തായലും മേയര്‍ സ്ഥാനം കിട്ടുമെന്ന് ഉറപ്പായ സ്ഥിതിക്ക് പ്രമുഖരെ മത്സരിപ്പിക്കണ്ടായെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് ഗിരികുമാറിന്‍െറയും രമ്യാരമേശിന്‍െറയും പേരുകള്‍ തിങ്കളാഴ്ച വൈകീട്ടോടെ പ്രചരിച്ചത്. അംഗബലം അനുസരിച്ച് മൂന്ന് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം പാര്‍ട്ടിക്ക് ലഭിക്കും. അതേസമയം, ബി.ജെ.പിയിലെ അഭിപ്രായഭിന്നത പരമാവധി മുതലെടുക്കാനാണ് എല്‍.ഡി.എഫ് ശ്രമം. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാതിരുന്നാല്‍ അത് സി.പി.എമ്മിന് നേട്ടമാകും. ഘടകകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെ ഭരണസമിതിയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള അവസരം ഇതുവഴി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.