ഇവര്‍ പഠിച്ച് പഠിച്ച് ഭരിക്കും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍െറ ഭരണചക്രം തിരിക്കുന്നവര്‍ക്കൊപ്പം ശ്രദ്ധയാകും ഈ ന്യൂജന്‍ താരങ്ങളും. വാട്സ് ആപ്, ഫേസ്ബുക്, എസ്.എം.എസ് തുടങ്ങിയ ‘ന്യൂജെന്‍’ പ്രചാരണ തന്ത്രങ്ങളെയും കൂട്ടുപിടിച്ച് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്ന നാലുപേരാണ് പുതിയ കൗണ്‍സിലില്‍ ഏറെ ശ്രദ്ധാകേന്ദ്രങ്ങളാവുക. സി.പി.എം സ്ഥാനാര്‍ഥിയായി തൈക്കാട്ടുനിന്ന് വിജയിച്ച എം.എ. വിദ്യാമോഹന്‍, മുട്ടത്തറയില്‍നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി വിജയിച്ച എസ്. ആര്‍. അഞ്ജു, അണമുഖത്തുനിന്ന് സി.പി.ഐ സ്ഥാനാര്‍ഥിയായി വിജയിച്ച എം.എ. കരീഷ്മ, കേശവദാസപുരത്തുനിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സ്റ്റെഫി ജെ. ജോര്‍ജ് എന്നിവരാണ് യുവതാരങ്ങളായി നഗരസഭയുടെ ഭരണചക്രം തിരിക്കുന്നത്. മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിഥുന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന സ്ഥാനത്തിന് അര്‍ഹയായെങ്കില്‍ 21 വയസ്സും നാലുമാസവും മാത്രം പ്രായമുള്ള സ്റ്റെഫി ജെ. ജോര്‍ജ് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അംഗമെന്ന സ്ഥാനത്തിന് അര്‍ഹയാണ്. കാമ്പസുകളിലെ പഠനസൗഹൃദങ്ങളില്‍നിന്ന് അപ്രതീക്ഷിതമായി വന്നുഭവിച്ച അധികാരത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ മനസ്സുനിറയെ സന്തോഷമെന്നാണ് ഒറ്റവാക്കില്‍ ഇവര്‍ക്ക് പറയാനുള്ളത്. തെരഞ്ഞെടുപ്പില്‍ നാലഞ്ച് പിള്ളേര്‍ വോട്ടുപിടിത്തവുമായി നടക്കുന്നത് കണ്ടപ്പോള്‍ മൂക്കത്ത് വിരല്‍വെച്ചവരുണ്ട്. എന്നാല്‍, വോട്ടര്‍മാര്‍ ഈ യുവസ്ഥാനാര്‍ഥികളെ കൈവിട്ടില്ല. കൊടുങ്ങാനൂരിലെ സി.പി.എം സ്ഥാനാര്‍ഥി എ.വി. അമല്‍ മാത്രമാണ് ഈ ഗ്രൂപ്പില്‍ പരാജയം ഏറ്റുവാങ്ങിയ ഏക വ്യക്തി. മറ്റെല്ലാവരും നഗരഭരണസാരഥ്യത്തിലേക്ക് എത്തി. വിദ്യാമോഹന്‍ 416 വോട്ടിന്‍െറയും അഞ്ജു 1343 വോട്ടിന്‍െറയും കരീഷ്മ 1053 വോട്ടിന്‍െറയും സ്റ്റെഫി ജോര്‍ജ് 47 വോട്ടിന്‍െറയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണ കൈവിട്ട വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് വിദ്യനിറവേറ്റിയത്. കേരള സര്‍വകലാശാലാ യു.ഐ.ടിയിലെ ബി.എസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ഥിനിയും എസ്.എഫ്.ഐയുടെ കോളജ് യൂനിയന്‍ പ്രസിഡന്‍റുമായിരുന്നു വിദ്യ. തൈക്കാട് ശാന്തികവാടത്തിന് സമീപമാണ് താമസം. പിതാവ് മോഹന്‍ തുന്നല്‍ തൊഴിലാളിയാണ്. മാതാവ്: അമ്പിളി. പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് എസ്.ആര്‍.അഞ്ജു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ്. വടുവത്ത് ക്ഷേത്രത്തിനടുത്താണ് താമസം. കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരായ സുമയുടെയും രാജ്മോഹന കുമാറിന്‍െറയും ഇളയ മകളാണ്. സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റ് അഞ്ജു നിലനിര്‍ത്തി. കേശവദാസപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സ്റ്റെഫി ജെ. ജോര്‍ജ് സോഷ്യല്‍ മീഡിയ നന്നായി പ്രയോജനപ്പെടുത്തിയാണ് വിജയതിലകമണിഞ്ഞത്. കോണ്‍ഗ്രസിന്‍െറ സിറ്റിങ് കൗണ്‍സിലറായിരുന്ന ജോര്‍ജ് ലൂയിസിന്‍െറ മൂത്ത മകളാണ്. എം.സി.എക്ക് ചേരാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് ഈ സൗഭാഗ്യം കൈവന്നതെന്ന് സ്റ്റെഫി പറയുന്നു. കോണ്‍ഗ്രസ് സേവാദളിലൂടെയാണ് വളര്‍ന്നത്. ഇതിന്‍െറ സ്റ്റേറ്റ് കാമ്പയിനറായിരുന്നു. സര്‍ക്കാറിന്‍െറ ബയോ മിത്രം പരിപാടിയിലും ജനകീയാസൂത്രണ പദ്ധതിയുടെ നടത്തിപ്പിലും പരിചയമേറെയുണ്ട്. പട്ടിക ജാതി വനിതാ വാര്‍ഡായ അണമുഖത്തുനിന്ന് വിജയിച്ച എം.എ. കരിഷ്മക്കും സോഷ്യല്‍ മീഡിയ നല്‍കിയ സഹായം ചെറുതല്ല. ചുമട്ടുതൊഴിലാളിയായ അനില്‍ കുമാറിന്‍െറയും വീട്ടമ്മയായ മനുകുമാരിയുടെയും മൂത്തമകളാണ് കരിഷ്മ. ബി.എസ്സി കഴിഞ്ഞ കരിഷ്മ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയാണ്. എ.ഐ.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.