മേയര്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിയിലും യു.ഡി.എഫിലും തീരുമാനമായില്ല

തിരുവനന്തപുരം: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മേയര്‍ തെരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷം കടന്നിട്ടും ബി.ജെ.പിയിലും കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഇടതുപക്ഷത്തില്‍ നിന്നുതന്നെയാകും മേയര്‍ എന്നകാര്യത്തില്‍ ഉറപ്പുണ്ടായ സ്ഥിതിക്ക് ബി.ജെ.പിയും കോണ്‍ഗ്രസും സീനിയര്‍ നേതാക്കളെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ വഴിയില്ല. ബി.ജെ.പി അത്തരത്തിലൊരു തീരുമാനം ഏതാണ്ട് കൈക്കൊണ്ടതായാണ് അറിയുന്നത്. കോര്‍പറേഷനിലെ ബി.ജെ.പി സീനിയര്‍ അംഗവും നേമത്തുനിന്ന് വിജയിക്കുകയും ചെയ്ത എം.ആര്‍. ഗോപന്‍െറ പേരാണ് നിലവില്‍ പരിഗണനയിലുള്ളതെങ്കിലും പുതിയ തീരുമാനപ്രകാരം ഗോപനെ മത്സരിപ്പിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അങ്ങനെയാണെങ്കില്‍ കരമന അജിത്താവും സ്ഥാനാര്‍ഥി. ജോണ്‍സണ്‍ ജോസഫ് ഒഴികെ കോണ്‍ഗ്രസില്‍ പറയത്തക്ക മറ്റു പേരുകള്‍ ഉയര്‍ന്നുവന്നിട്ടുമില്ല. 3272 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെ കഴക്കൂട്ടത്തുനിന്ന് വിജയിച്ച അഡ്വ. വി.കെ. പ്രശാന്താണ് എല്‍.ഡി.എഫിന്‍െറ മേയര്‍ സ്ഥാനാര്‍ഥി. 34കാരനായ പ്രശാന്തിന് തിരുവനന്തപുരം കോര്‍പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ എന്ന റെക്കോഡും ലഭിക്കും. പ്രശാന്ത് അടക്കം മൂന്നുപേരുടെ പേരാണ് അവസാനഘട്ടത്തില്‍ പരിഗണിച്ചതെങ്കിലും ഒടുവില്‍ നറുക്കുവീണത് യുവത്വത്തിന്‍െറ പിന്‍ബലത്തില്‍ പ്രശാന്തിനാണ്. 2004ല്‍ കഴക്കൂട്ടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കരിയില്‍നിന്നാണ് പ്രശാന്ത് പഞ്ചായത്ത് അംഗമായത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും കഴക്കൂട്ടം ബ്ളോക് സെക്രട്ടറിയുമാണ്. എന്തായാലും പ്രശാന്തിന് കോര്‍പറേഷനില്‍ നേരിടേണ്ടിവരുന്നത് ഉദ്വേഗജനകമായ കാലങ്ങളാവും. കൂട്ടായി തീരുമാനമെടുക്കേണ്ട വിഷയങ്ങളില്‍ ബി.ജെ.പിയും യു.ഡി.എഫും വിയോജിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ബജറ്റ് ഉള്‍പ്പെടെ പാസാക്കുന്ന കാര്യങ്ങളില്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തിലെ ഭരണസമിതിക്ക് നന്നേ വിയര്‍ക്കേണ്ടിയും വരും. നിലവിലെ കക്ഷിനില പ്രകാരം എല്‍.ഡി.എഫിന് 43ഉം ബി.ജെ.പിക്ക് 35ഉം യു.ഡി.എഫിന് 21ഉം ഒരു സ്വതന്ത്ര അംഗവുമാണുള്ളത്. 21 അംഗങ്ങളുള്ള യു.ഡി.എഫിന്‍െറ മേയര്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ പുറത്താകും. പിന്നീട് എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാവും മത്സരം. അതില്‍ 43 അംഗങ്ങളുള്ള എല്‍.ഡി.എഫിന്‍െറ മേയര്‍ സ്ഥാനാര്‍ഥി തന്നെയാവും വിജയിക്കുക. അപ്രകാരം 18ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രശാന്ത് മേയര്‍ സ്ഥാനം ഏറ്റെടുക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് വഴുതക്കാടുനിന്ന് വിജയിച്ച സി.പി.ഐയിലെ രാഖി രവികുമാറിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍, പ്രധാനപ്പെട്ട രണ്ട് സ്ഥിരം സമിതികള്‍ അധികം സി.പി.ഐക്ക് നല്‍കി നെടുങ്കാട് വാര്‍ഡില്‍നിന്ന് വിജയിച്ച സീനിയര്‍ അംഗം സി.പി.എമ്മിലെ എസ്. പുഷ്പലതക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സി.പി.ഐ ഇതിന് വഴങ്ങിയിട്ടില്ല. അങ്ങനെയെങ്കില്‍ പുഷ്പലത എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാകാന്‍ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.