തെരുവുനായ്ക്കളെ കോര്‍പറേഷന്‍ പിടികൂടി സംരക്ഷിക്കും

തിരുവനന്തപുരം: കോര്‍പറേഷനിലെ തിരുവല്ലം വെറ്ററിനറി ആശുപത്രിയിലെ ഡോഗ് ഷെല്‍ട്ടര്‍ അറ്റകുറ്റപ്പണി നടത്തി തെരുവുനായ്ക്കളെ പിടികൂടി സംരക്ഷിക്കാന്‍ കോര്‍പറേഷന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി തീരുമാനിച്ചു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് കോര്‍പറേഷന്‍െറ പേട്ട വെറ്ററിനറി ആശുപത്രിയിലേക്ക് വാക്- ഇന്‍ ഇന്‍റര്‍വ്യൂ നടത്തി രണ്ട് വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് അഡ്മിനിസ്ട്രേറ്ററായ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇവിടെ രണ്ടു ഷിഫ്റ്റുകളായി പ്രവര്‍ത്തിച്ച് തെരുവുനായ്ക്കളുടെ വന്ധ്യംകരണം തുടരും. വന്ധ്യംകരിച്ച നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തന്നെ വിട്ടയക്കും. 
പുതുതായി ഷെല്‍ട്ടര്‍ നിര്‍മിച്ച് തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ കോര്‍പറേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. ടൂറിസം വകുപ്പുമായി സഹകരിച്ച് കോര്‍പറേഷന്‍ ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കും. 
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപകടകാരികളും രോഗബാധിതരുമായ നായ്ക്കളെ കൊല്ലാനുള്ള നടപടി കൈക്കൊള്ളും. അപകടകാരികളായ നായ്ക്കളെക്കുറിച്ച് 9605962471 നമ്പറില്‍ കോര്‍പറേഷനില്‍ വിവരം അറിയിക്കാം.
കുന്നുകുഴിയിലെ ആധുനിക അറവുശാലക്ക് നേരത്തേ കോര്‍പറേഷന്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുപ്രകാരം റെയ്ബാ ഇന്‍ഡസ്ട്രീസുമായി നവംബര്‍ ആറിന് ചര്‍ച്ച നടത്തും. ഈ കമ്പനി ഡെറാഡൂണില്‍ സ്ഥാപിച്ച പ്ളാന്‍റ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.