തിരുവനന്തപുരം: ജില്ലയില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷ കര്‍ശനമാക്കി. തീരദേശമേഖലയിലെ മിക്ക പോളിങ് ബൂത്തുകളിലും പൊലീസ് ഞായറാഴ്ച റൂട്ട് മാര്‍ച്ച് നടത്തി. ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാന്‍ ഞായറാഴ്ച വൈകീട്ട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ ഭദ്രമെന്നാണ് വിലയിരുത്തല്‍. പ്രശ്നബാധിതമെന്ന് കണ്ടത്തെിയിട്ടുള്ള 156 പോളിങ് ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. പുറമെ ജില്ലയില്‍ 22 ഡിവൈ.എസ്.പിമാരുടെ കീഴില്‍ 415 എസ്.ഐമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍. പ്രശ്നബാധിത സ്ഥലങ്ങളില്‍ 97 പൊലീസ് പിക്കറ്റ് പോസ്റ്റുകളും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ 24 ബോര്‍ഡര്‍ സീലിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. 4500 ഓളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയുടെ തീരദേശമേഖലകളിലും ചില കിഴക്കന്‍ മലയോര പ്രദേശങ്ങളിലും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ജില്ലയിലെ റൂറല്‍ മേഖലയെ 2504 ബൂത്തുകളായും 22 ഇലക്ഷന്‍ സര്‍ക്ക്ളായും 152 ഗ്രൂപ് പട്രോളിങ്ങുകളുമായും തിരിച്ചാണ് ക്രമീകരണങ്ങള്‍. സുരക്ഷാക്രമീകരണങ്ങളുടെ ഏകോപനത്തിന് 33 സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസമുണ്ടാകുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും തുടരന്വേഷണത്തിനും 15 പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം ഗ്രാമപ്രദേശങ്ങളില്‍ 200 മീറ്ററിനുള്ളിലും നഗരപ്രദേശങ്ങളില്‍ 100 മീറ്ററിനുള്ളിലും വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല. സമ്മതിദായകരെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ അവ പിടിച്ചെടുക്കും. സ്ഥാനാര്‍ഥിയുടെ ബൂത്ത് ഓഫിസില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ളെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.