മറൈന്‍ ആംബുലന്‍സ് പ്രഖ്യാപനത്തിലൊതുങ്ങി

പുന്തൂറ: മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സ് പ്രഖ്യാപനത്തിലൊതുങ്ങി. ക്രിസ്മസ് ദിനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടലില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. ഇതില്‍ മൂന്നുപേര്‍ മത്സ്യത്തൊഴിലാളികളാണ്. കടലില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംബുലന്‍സ് പദ്ധതിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാവാത്തത്. നിലവില്‍ കടലില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ ബോട്ടാണ്. അപകടം നടന്നത് ജില്ലയുടെ വടക്കേയറ്റമായ അഞ്ചുതെങ്ങിലാണെങ്കില്‍ ഫിഷറീസ് വകുപ്പ് വാടകക്കെടുത്ത് നല്‍കുന്ന ബോട്ടില്‍ വിഴിഞ്ഞത്തുനിന്ന് അവിടെ എത്താന്‍ മൂന്ന് മണിക്കൂറെങ്കിലുമെടുക്കും. തിര മുറിച്ച് കടക്കാനുള്ള ബോട്ടിന്‍െറ ശേഷിക്കുറവും വേഗമില്ലായ്മയുമാണ് കാരണം. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് ഇത്തരം ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് അത്യാധുനിക രക്ഷാബോട്ടുവേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണിക്കൂറില്‍ എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം താണ്ടുന്നതും രക്ഷകരുടെ പോലും സുരക്ഷിതത്വം ഉറപ്പില്ലാത്തതുമായ ഇപ്പോഴത്തെ ബോട്ടിനുപകരം 40 കിലോ മീറ്റര്‍ വേഗത്തിലോടിക്കാവുന്ന മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങാന്‍ ഫിഷറീസ് ഡിപ്പാര്‍ട്മെന്‍റിന് അനുമതി നല്‍കിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ ബോട്ട് വാങ്ങണമോ, അതോ ആവശ്യത്തിനനുസരിച്ചുള്ള ബോട്ട് നിര്‍മിച്ച് വാങ്ങണമോ എന്ന തര്‍ക്കമാണ് പ്രഖ്യാപനം നടന്ന് ആദ്യ വര്‍ഷങ്ങളില്‍ പദ്ധതി നീളാന്‍ കാരണം. പിന്നീട് 60 അടി നീളമുള്ളതും 350 കുതിരശക്തിയില്‍ കുറയാത്ത കരുത്തുമുള്ള ഇരട്ട എന്‍ജിന്‍ ബോട്ട് വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ഓരോന്നിനും രണ്ട് കോടിയിലേറെ വിലവരുമെന്നത് നീളാന്‍ ഇടയാക്കി. ഏത് അപകട കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള ബോട്ടുകളാണ് ഇവ. കടലില്‍നിന്ന് മൃതദേഹം പൊക്കിയെടുക്കാനുള്ള ഉപകരണങ്ങളും ഇതിലുണ്ടാവും. കരയോടടുത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനവും ബോട്ടിലുണ്ടാവും. വയര്‍ലെസ് സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയേക്കും. മെഡിക്കല്‍ സംവിധാനത്തില്‍ ഒരു മെയില്‍ നഴ്സ് അടക്കമുള്ള രണ്ടംഗ മെഡിക്കല്‍ ടീം, ലൈഫ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റിലേയും ഫിഷറീസിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബോട്ടിലുണ്ടാകും. പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ക്കൊപ്പം ഓക്സിജന്‍ മാസ്ക്, സ്ട്രെച്ചര്‍, മെഡിക്കല്‍ കിറ്റ് തുടങ്ങിയവ ആംബുലന്‍സിലുണ്ടാവും. ഇത്തരം ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ കടലില്‍ സുരക്ഷക്കായി ഉണ്ടെങ്കില്‍ നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.