മുഖം മിനുക്കി ശംഖുംമുഖം

ശംഖുംമുഖം: തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ശംഖുംമുഖം ബീച്ചിന്‍െറ മുഖം മിനുക്കല്‍ പദ്ധതിയുടെ നിര്‍മാണം തുടങ്ങി. മുഖം മിനുക്കലിന്‍െറ ഭാഗമായി ബീച്ചിലേക്കുള്ള പ്രധാന കവാടത്തിന്‍െറ വഴി അടച്ചു. 3.5 കോടി രൂപ ചെലവഴിച്ചാണ് ബീച്ച് സുന്ദരമാക്കല്‍ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ടൂറിസം വകുപ്പാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഷോപ്പിങ് കോംപ്ളക്സ്, ഓപണ്‍ എയര്‍ തിയറ്റര്‍, പാര്‍ക്കിങ് സ്ഥല വിപുലീകരണം, ടോയ്ലെറ്റ് സൗകര്യം, ലൈറ്റുകളുടെ നവീകരണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാലറി, ഇരിപ്പിടം, വാക് വേ, വാട്ടര്‍ ഫ്ളോ എന്നിവയടക്കമാണ് ഓപണ്‍ എയര്‍ തിയറ്റര്‍ ഒരുങ്ങുന്നത്. മൂന്ന് കോടി രൂപയോളം ശംഖുംമുഖത്ത് മുടക്കുമ്പോള്‍ 45 ലക്ഷം രൂപ മുടക്കുന്നത് സമീപത്തെ മുത്തുച്ചിപ്പി പാര്‍ക്ക് നവീകരിക്കുന്നതിനാണ്. വര്‍ഷങ്ങളായി നവീകരണം മുടങ്ങിക്കിടക്കുന്ന പാര്‍ക്കാണ് ഇത്. അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന ബീച്ചില്‍ ആവശ്യത്തിനുള്ള പാര്‍ക്കിങ് സംവിധാനമില്ലാത്ത അവസ്ഥയാണ്. നേരത്തേ ബീച്ചില്‍ എത്തുന്ന വാഹനങ്ങളില്‍നിന്ന് നഗരസഭ പാര്‍ക്കിങ് ഫീസ് ഇടാക്കിയിരുന്നു. എന്നാല്‍, സഞ്ചാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ക്കിങ് ഫീ വേണ്ടന്ന് വെച്ചു. വേനല്‍ അവധി മുന്നില്‍ കണ്ടാണ് നവീകരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനുപുറമേ ബീച്ചിലത്തെുന്നവര്‍ക്ക് നടന്ന് കടല്‍ കാണുന്നതിനുള്ള സൗകര്യം ഒരുക്കും. സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിന് തീരത്തിന് സമീപംതന്നെ ഇരിപ്പടവും നിര്‍മിക്കും. വിദേശികളെ ആകര്‍ഷിക്കുന്ന തരത്തിലെ ഷോപ്പിങ് കോംപ്ളക്സാണ് ഇവിടെ നിര്‍മിക്കുന്നത്.ശംഖുംമുഖത്തെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന പൊതുമരാമത്ത് റോഡിലാണ് ഇതെല്ലാം നിര്‍മിക്കുക. അര്‍ബന്‍ ഡിപ്പാട്മെന്‍റിനാണ് നിര്‍മാണച്ചുമതല. പണി നടക്കുന്നതിന്‍െറ ഭാഗമായി പഴയ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. നിര്‍മാണം നടക്കുന്നതിന്‍െറ ഭാഗമായി ബീച്ചില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ളെന്നും അധികൃതര്‍ ഉറപ്പുനല്‍കുന്നു. ബീച്ച് നവീകരണത്തിന്‍െറ ഭാഗമായി ആദ്യഘട്ടത്തില്‍ ബീച്ചിന്‍െറ തീരം ഉയര്‍ത്തും. ഓരോ വര്‍ഷവും കടലാക്രമണത്തില്‍ ബീച്ചിന്‍െറ തീരം നഷ്ടപ്പെടാറുണ്ട് ഇതു മുന്നില്‍ കണ്ടാണ് തീരം ഉയര്‍ത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.