ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ ലോക്അദാലത്തില്‍ കെട്ടിക്കിടന്ന കേസുകള്‍ക്ക് തീര്‍പ്പുകല്‍പിച്ചു. 3166 കേസുകളാണ് ഒറ്റദിവസം കൊണ്ട് തീര്‍പ്പാക്കിയത്. സംസ്ഥാന ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നിര്‍ദേശാനുസരണമാണ് അദാലത്ത് സംഘടിപ്പിച്ചത്. ആറ്റിങ്ങല്‍, വര്‍ക്കല കോര്‍ട്ട് സെന്‍ററുകളില്‍ കെട്ടിക്കിടന്ന കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 7304 കേസുകള്‍ അദാലത്തിന്‍െറ പരിഗണനയില്‍ വന്നിരുന്നു. ഇതില്‍ നിന്നാണ് 3166 കേസുകളില്‍ അന്തിമവിധി പുറപ്പെടുവിച്ചത്. ഈ കേസുകളുടെ നഷ്ടപരിഹാരം, പിഴ എന്നീ ഇനങ്ങളില്‍ 29,06,00,446 രൂപ കക്ഷികള്‍ക്ക് അനുവദിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറ ബാങ്ക്, യൂക്കോ ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ കക്ഷികളായ കേസുകളും റെയില്‍വേ, ടെക്നോസിറ്റി എന്നിവക്കുവേണ്ടി ഭൂമി പൊന്നുംവിലയെക്കെടുത്തതുമായി ബന്ധപ്പെട്ട കേസുകളും തീര്‍പ്പാക്കിയതില്‍ ഉള്‍പ്പെടും. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായാണ് അവധിദിനങ്ങള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ആറ്റിങ്ങല്‍ കുടുംബകോടതി ജഡ്ജിയും ചിറയിന്‍കീഴ് താലൂക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍മാനുമായ പി.എസ്. ആന്‍റണി അദാലത്തിന് മേല്‍നോട്ടം വഹിച്ചു. വിവിധ കോടതികളിലെ ന്യായാധിപന്മാര്‍, വിരമിച്ച ന്യായാധിപന്മാര്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, അഭിഭാഷകര്‍, അഭിഭാഷക ക്ളര്‍ക്കുമാര്‍, കോടതി ജീവനക്കാര്‍, പാരാ ലീഗല്‍ വളന്‍റിയേഴ്സ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.