അരുണിന്‍െറ മരണം: ദുരൂഹത ഒഴിയുന്നില്ല

ആറ്റിങ്ങല്‍: അരുണിന്‍െറ തിരോധാനവും മൃതദേഹം പാറമടയില്‍ കണ്ടത്തെിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ആറ്റിങ്ങല്‍ അവനവഞ്ചേരി അശ്വതി ഭവനില്‍ ശശിധരന്‍െറ മകന്‍ എസ്.ആര്‍. അരുണിനെ കാണാതാവുകയും ആഴ്ചകള്‍ക്കുശേഷം മൃതദേഹം പാറമടയില്‍ കണ്ടത്തെുകയുമായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാണാതായത് മുതല്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് അന്വേഷിച്ചുവരികയാണ്. യാതൊരു വിവരവും ലഭിക്കാതായതോടെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്പെഷല്‍ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് അഡ്വ.ബി. സത്യന്‍ എം.എല്‍.എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. എം.എല്‍.എയുടെ ഇടപെടലിനുശേഷമാണ് പൊലീസ് സംവിധാനം ചലിച്ചത്. ഇതിന് ശേഷം ആന്ധ്രയിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. ആന്ധ്രയില്‍നിന്ന് വീട്ടിലേക്ക് വന്ന അജ്ഞാത ഫോണ്‍ കോളിനെ പിന്തുടര്‍ന്നാണ് അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അരുണിന്‍െറ മൃതദേഹം എറണാകുളം ചോറ്റാനിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാസ്താംമുകള്‍ പാറമടയില്‍ കണ്ടത്തെിയത്. റോഡില്‍നിന്ന് ഇരുന്നൂറ് അടിയോളം താഴ്ചയിലാണ് മൃതദേഹം കണ്ടത്. പാറമടയില്‍നിന്ന് ഫോട്ടോ പകര്‍ത്താന്‍ എത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്. ജീര്‍ണാവസ്ഥയിലായിരുന്നു മൃതദേഹം. പൊലീസിന്‍െറ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് നാലാഴ്ചത്തെ പഴക്കമുണ്ട്. അരുണ്‍ ജോലി ചെയ്തിരുന്ന ഓഫിസില്‍നിന്ന് ആറ് കിലോമീറ്റര്‍ മാറിയാണ് പാറമട. ഇതിന് സമീപത്തെ റോഡിലൂടെയാണ് അരുണ്‍ പോയിവരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേസ്ഥലത്ത് കാര്‍ അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ രണ്ട് ജില്ലാ കലക്ടര്‍മാരുടെ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തിയതും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വിഡിയോയില്‍ പകര്‍ത്തിയതും. മൃതദേഹത്തിന് നാലാഴ്ചത്തെ പഴക്കമുള്ളതിനാല്‍ പ്രാഥമിക നിഗമനങ്ങള്‍ക്ക് പരിമിതിയുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലം വന്നാല്‍ മാത്രമേ കൂടുതല്‍ വ്യക്തത വരൂ. സഹപ്രവര്‍ത്തകരുമായി ജോലി സ്ഥലത്ത് തര്‍ക്കങ്ങളുണ്ടായതായി സൂചനകളുണ്ട്. ഇവയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.