സഞ്ചാരികളെ ആകര്‍ഷിക്കാനാകാതെ കോവളം തീരം

കോവളം: സീസണ്‍ ആരംഭിക്കാന്‍ ഇനി രണ്ടുമാസം കൂടി, കുടി വെള്ളവും വെളിച്ചവും ഇല്ലാതെ കോവളംതീരം. തെരുവുനായശല്യം കാരണം വിദേശികളും സ്വദേശികളും കോവളത്തെ കൈയൊഴിയുന്ന സ്ഥിതിയാണ്. ബീച്ചിലേക്കുള്ള റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്. നവംബറോടെ ഊട്ടിയിലെ സ്കൂളുകളില്‍നിന്ന് അവധി ആഘോഷിക്കാന്‍ കുട്ടികള്‍ എത്തുന്നതോടെയാണ് കോവളത്തെ ടൂറിസം സീസണ്‍ ആരംഭിക്കുന്നത്. ഇതിനു ഇനി രണ്ടുമാസം മാത്രം ശേഷിക്കെ കോവളത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ശുദ്ധ ജലവും വെളിച്ചമില്ലായ്മയുമാണ് തീരം നേരിടുന്ന പ്രധാന വെല്ലുവിളി. ജലദൗര്‍ലഭ്യം നിമിത്തം കോവളത്തത്തെി ഹോംസ്റ്റേകളില്‍ മുറിയെടുത്ത വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് വര്‍ക്കലയിലേക്കും മറ്റും പോകുകയാണ്. ബീച്ചില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നു ഹൈമാസ്റ്റ് ലൈറ്റുകളില്‍ രണ്ടെണ്ണം മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇടക്കലിലെ സൗരോര്‍ജ സോളാര്‍ വിളക്കുകള്‍ ഉദ്ഘാടനവേളയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാത്രിയായാല്‍ ഇടക്കല്ല് സാമൂഹികവിരുദ്ധ താവളമാണെന്നും പരാതിയുണ്ട്. തീരത്തെ നടപ്പാതകള്‍ പലതും തകര്‍ന്ന അവസ്ഥയിലാണ്. സഞ്ചാരികള്‍ക്ക് വസ്ത്രം മാറുന്നതിനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ സംവിധാനങ്ങളും തയാറായിട്ടില്ല. അതേസമയം തെരുവുനായ ശല്യം കാരണം പല രാജ്യങ്ങളും കേരളത്തിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത് നിത്യ സംഭവമായിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. എന്നാല്‍ ഒരു വിദേശ വനിതയുടെ നേതൃത്വത്തില്‍ കോവളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തെരുവുനായകളെ സംരക്ഷിക്കുന്നതെന്നും ആരോപണമുണ്ട്. കൂടാതെ തീരത്തേക്ക് നിലവില്‍ പുനര്‍നിര്‍മിക്കുന്ന റോഡിന്‍െറ പണികള്‍ അശാസ്ത്രീയമാണ്. കയറ്റിറക്കമായ റോഡില്‍ തറയോട് പാകുന്ന പണികളാണ് പുരോഗമിക്കുന്നത്. തറയോട് പാകിയ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ തെന്നാനുള്ള സാധ്യത കൂടുതലാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. റോഡിന് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് പതിവാണ്. വിവിധ ഭാഷകളില്‍ സുരക്ഷാമുന്നറിയിപ്പ് ബോര്‍ഡുകള്‍, ഹവ്വാ ബീച്ചില്‍ പൊലീസ് എയ്ഡ് പോസ്റ്റ്, മുന്നറിയിപ്പ് സൈറണ്‍ തുടങ്ങിയവ നടപ്പാക്കാന്‍ തീരുമാനിച്ചതും യാഥാര്‍ഥ്യമായിട്ടില്ല. എന്തായാലും നവംബറോടെ ആരംഭിക്കുന്ന ടൂറിസം സീസണെ വരവേല്‍ക്കാന്‍ കോവളത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.