ഗുരുതത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ശ്രീനാരായണീയ ദര്‍ശനങ്ങളോടുള്ള അനീതി –കോടിയേരി

തിരുവനന്തപുരം: ജാതി-മത വിവേചനങ്ങള്‍ക്കതീതമായ ഗുരുതത്ത്വങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ശ്രീനാരായണീയദര്‍ശനങ്ങളോട് കാട്ടുന്ന അനീതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുരുജയന്തിയോടനുബന്ധിച്ച് പാങ്ങപ്പാറ ശ്രീനാരായണഗുരു മന്ദിരത്തില്‍ നടന്ന മാനവമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു ഒരിക്കലും മതാധിഷ്ഠിത രാഷ്ട്രീയം വിഭാവനം ചെയ്തിട്ടില്ല. എല്ലാ മതസ്ഥരും ശാന്തിയോടും സമാധാനത്തോടും ജീവിക്കുന്ന സാമൂഹികസംവിധാനമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ജാതിരഹിതവും മതനിരപേക്ഷവുമായ സാമൂഹികക്രമം കെട്ടിപ്പടുക്കുന്നതിന് ജീവിതം ഉഴിഞ്ഞുവെച്ച സാമൂഹികപരിഷ്കര്‍ത്താവാണ് ഗുരു. ഇതിലൂടെ സാമൂഹിക വിപ്ളവത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. ജാതിവിവേചനം ഈശ്വരാരാധനപോലും നിഷേധിച്ചിരുന്ന കാലഘട്ടത്തിലാണ് ധീരമായ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സജീവമായത്. ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തിന്‍െറ ഇടപെടലുകള്‍ സഹായകമായിട്ടുണ്ട്. മനുഷ്യര്‍ മതത്തിന്‍െറ പേരില്‍ കലഹിക്കുന്നതിനെയും ജാതിവൈരമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനെയും ഗുരു ഇഷ്ടപ്പെട്ടിരുന്നില്ല. ഈ ആശയങ്ങള്‍ക്ക് കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ തുടര്‍ച്ച ഉണ്ടായതിനാലാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ മതേതരസ്വഭാവവും സമാധാനാന്തരീക്ഷവും നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ ജയന്തി സന്ദേശം നല്‍കി. കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം അസി.പ്രഫ. എം.എ. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഗിരീഷ്കുമാര്‍, ചെമ്പഴന്തി ശശി, എം.കെ. ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.