ആഹ്ളാദം നിറച്ച് തിരുവോണം കൊണ്ടാടി

തിരുവനന്തപുരം: നാടെങ്ങും ആഹ്ളാദപൂര്‍വം തിരുവോണം കൊണ്ടാടി. യുവജനസംഘടനകളും ക്ളബുകളും നാടാകെ അത്തപ്പൂക്കളങ്ങളൊരുക്കി മാവേലിയുടെ സ്മരണപുതുക്കി. ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് തിരുവോണനാളില്‍ അനുഭവപ്പെട്ടത്. പഴവങ്ങാടി ഗണപതി ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, ശ്രീകണ്ഠേശ്വരം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം തുടങ്ങി നഗരത്തിലെ പ്രധാനക്ഷേത്രങ്ങളെല്ലാം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. ക്ഷേത്രങ്ങളില്‍ മഞ്ഞക്കോടി കാഴ്ചവെക്കുന്ന ചടങ്ങുകളും നടന്നു. നാട്ടിന്‍പുറങ്ങളിലും തിരുവോണം ഉത്സവത്തിമിര്‍പ്പോടെ ആഘോഷിച്ചു. വിവിധ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയുമൊക്കെ നേതൃത്വത്തില്‍ മത്സരങ്ങളും സംഘടിപ്പിച്ചു. പതിവിലും വ്യത്യസ്തമായി ഓണസദ്യയുണ്ണാന്‍ ഹോട്ടലുകളില്‍ തിരക്കേറെയായിരുന്നു. സര്‍വവിഭവങ്ങളോടുംകൂടി ഹോട്ടലുകളില്‍ ഒരുക്കിയ ഓണസദ്യയുണ്ണാന്‍ വിദേശികളും കൂടി. മാസ്കറ്റ് ഹോട്ടല്‍, ചൈത്രം, കോവളത്തെ വിവിധ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഓണസദ്യയുണ്ടായിരുന്നു. ചൈത്രത്തിലെ നാടന്‍ ഭക്ഷ്യമേളയും പായസമേളയും ഒട്ടേറെപ്പേരെ ആകര്‍ഷിച്ചു. നഗരത്തിലെ അനാഥമന്ദിരങ്ങളിലും തിരുവോണം ഗംഭീരമായി ആഘോഷിച്ചു. ശ്രീചിത്രാ പുവര്‍ഹോമില്‍ ഒരുക്കിയ ഓണാഘോഷപരിപാടിയിലും വള്ളക്കടവ് യത്തീംഖാനയില്‍ ഒരുക്കിയ ഓണാഘോഷപരിപാടിയിലും മന്ത്രി വി.എസ്. ശിവകുമാര്‍ പങ്കെടുത്തു. സത്യസായി ട്രസ്റ്റും ഓണത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഓണത്തോടനുബന്ധിച്ച് ഒരാഴ്ചയിലധികമായി നാടുനഗരവും ഉത്സവപ്രതീതിയിലാണ്. സര്‍ക്കാറിന്‍െറയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ വിവിധ സ്ഥലങ്ങളിലായി നടക്കുകയാണ്. ദീപാലങ്കാരങ്ങള്‍കൊണ്ട് നഗരം വര്‍ണശോഭയണിഞ്ഞിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പരിപാടികള്‍ കാണാന്‍ എത്തുന്നത്. തിരുവോണനാളിലും അഭൂതപൂര്‍വമായ തിരിക്കാണ് വെള്ളയമ്പലം, മ്യൂസിയം, പാളയം, കവടിയാര്‍ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ആഗസ്റ്റ് 31ന് നടക്കുന്ന ഘോഷയാത്രയോടെ ഓണം വാരാഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീഴും. ഓണത്തോടനുബന്ധിച്ച് നഗരത്തിലെ വാണിജ്യകേന്ദ്രങ്ങളില്‍ ലക്ഷങ്ങളുടെ കച്ചവടമാണ് നടന്നത്. വസ്ത്രവ്യാപാരമാണ് ഏറ്റവും കൂടുതല്‍ പൊടിപൊടിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരാത്തത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. പച്ചക്കറിയുടെ കാര്യത്തില്‍ തമിഴ്നാടിന് ഇക്കുറി ഇരുട്ടടികിട്ടി. ജൈവപച്ചക്കറികള്‍ ആവശ്യത്തിലുമധികം മലയാളികളുടെ കൈകളിലത്തെിയതും ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.