സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജല വിനോദയാത്ര സജീവം

വേളി: കാലപ്പഴക്കം ചെന്ന ബോട്ടുകളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് വിനോദയാത്രകള്‍ പൊടിപൊടിക്കുന്നു. ഉള്‍നാടന്‍ ജലയാന നിയമവും തുറമുഖ വകുപ്പിന്‍െറ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളായ വേളി, ആക്കുളം, പൂവാര്‍, കോവളം, നെയ്യാര്‍ മേഖലകളില്‍ വിനോദസഞ്ചാരം കൊഴുക്കുന്നത്. ഇത്തരം ബോട്ടുകളില്‍ പരിശീലനം ലഭിച്ച സ്രാങ്കുകളോ സഹായികളോ ഇല്ല. 45 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ സുരക്ഷാസംവിധാനങ്ങളുടെ ലംഘനമാണ് മിക്കയിടത്തും അരങ്ങേറുന്നത്. ഉത്തരേന്ത്യയില്‍നിന്നും വിദേശത്തുനിന്നും എത്തുന്ന സഞ്ചാരികള്‍ ബോട്ട് യാത്ര തല്‍പരരാണ്. ഇത് മുതലാക്കി സ്വകാര്യ സര്‍വിസ് ബോട്ടുകാരും രംഗത്തുണ്ട്. പൂവാര്‍ പൊഴി, തിരുവല്ലം ആറ്, വെള്ളായണി കായല്‍, കോവളം ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ സര്‍വിസ് നടത്തുന്നത്. കോവളത്ത് മത്സ്യബന്ധന യാനങ്ങളെയാണ് വിനോദയാത്രക്ക് ഉപയോഗിക്കുന്നത്. സുരക്ഷാ മുന്‍കരുതലുകളൊന്നും ഇല്ലാതെയാണ് സഞ്ചാരികളെയും കയറ്റിയുള്ള യാത്ര. പലപ്പോഴും അപകടങ്ങളില്‍പെടുന്ന ഇത്തരം ബോട്ടുകളിലെ സഞ്ചാരികളെ ലൈഫ് ഗാര്‍ഡുകളാണ് രക്ഷപ്പെടുത്തുന്നത്. അനധികൃത ബോട്ട് സര്‍വിസ് കടല്‍ക്കുളിക്ക് കോവളത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് തടസ്സമാകുന്നതായും പരാതിയുണ്ട്. പൂവാര്‍ മേഖലയിലെ മിക്ക ബോട്ടുകള്‍ക്കും രജിസ്ട്രേഷന്‍ ഇല്ല. വേളി കായലില്‍ സര്‍വിസ് നടത്തുന്ന ഡി.ടി.പി.സിയുടെ ബോട്ടുകള്‍ അധികവും കാലപ്പഴക്കം ചെന്നവയാണ്. ജലദുരന്തങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തയാറാക്കിയ ഇന്‍ലാന്‍ഡ് വെസല്‍സ് റൂള്‍സ് ജില്ലയില്‍ നടപ്പാക്കുന്നില്ളെന്ന ആക്ഷേപം നേരത്തേ തന്നെ ശക്തമാണ്്. സംസ്ഥാനത്ത് ജലദുരന്തങ്ങള്‍ നടക്കുമ്പോള്‍ മാത്രം പരിശോധനകള്‍ക്കിറങ്ങുന്ന അധികൃതര്‍ അനധികൃത സര്‍വിസ് നടത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ആരോപണമുണ്ട്. ജലയാത്രക്കിടയിലെ അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് നിയമത്തിലുള്ളത്. ഇതാണ് അധികൃതരുടെ അനാസ്ഥ മൂലം നടപ്പാകാതെ പോകുന്നത്. വിനോദസഞ്ചാരബോട്ടുകളില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ലൈഫ്ബോയ് ഉണ്ടാക്കിയിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. നിലവില്‍ നാല് ലൈഫ്ബോയ്കളുമായാണ് വലിയ യാനങ്ങള്‍പോലും ജലയാത്രക്കിറങ്ങുന്നത്. അപകടങ്ങളില്‍പെടുന്ന യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ജലയാത്രികരുടെയും ഉടമസ്ഥരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപദേശകസമിതി രൂപവത്കരണം തുടങ്ങിയ നിരവധി കാര്യങ്ങളാണ് നിയമത്തിലുള്ളത്. ജലയാനങ്ങളെ തരംതിരിച്ച തീരുമാനവും ചുവപ്പുനാടയിലാണ്. പല ബോട്ടുകളും കൃത്യമായ പരിശോധന നടത്താതെയാണ് ലൈസന്‍സ് സംഘടിപ്പിക്കുന്നത്. ബോട്ടുകളുടെ സുരക്ഷാ സംവിധാനം ഉറപ്പുവരുത്താന്‍ വിനോദസഞ്ചാര വകുപ്പിന് പ്രത്യേക വിഭാഗം ഉണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം ജില്ലയില്‍ കാര്യക്ഷമമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.