ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: താളമേളങ്ങളുടെ സമന്വയത്തില്‍ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു. ഇനിയുള്ള ഏഴ് നാളുകളിലെ കലാസാംസ്കാരിക നിമിഷങ്ങള്‍ തലസ്ഥാനത്തിന് നിറച്ചാര്‍ത്തേകും. 29 വേദികളിലായി അണിനിരക്കുന്ന 5000ത്തോളം കലാകാരന്മാരുടെ സര്‍ഗവൈഭവങ്ങളാണ് ഇക്കുറി ഓണം വാരാഘോഷത്തിന് മിഴിവേകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാരാഘോഷം ഉദ്ഘാടനം ചെയ്തു. കേരള സംസ്കാരത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും തനിപ്പകര്‍പ്പായിരിക്കും വരുന്ന ഏഴ് ദിനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം സമത്വത്തിന്‍െറ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനകക്കുന്നിലെ സൗന്ദര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ തലസ്ഥാനത്തെ ഏറ്റവും വലിയ ആകര്‍ഷണമായി ഇവിടം മാറുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഗായിക കെ.എസ്. ചിത്രയുടെ പ്രാര്‍ഥനാ ഗീതത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. മനോജ് കുരൂര്‍ രചിച്ച് ശ്രീവത്സം ജയമോഹന്‍ സംവിധാനം നിര്‍വഹിച്ച ഓണം വാരാഘോഷ തീം സോങ്ങിന്‍െറ നൃത്താവിഷ്കാരം തുടര്‍ന്ന് അരങ്ങേറി. സൂര്യ കൃഷ്ണമൂര്‍ത്തി ചിട്ടപ്പെടുത്തിയ ചുവടുകള്‍ ശ്രുതി ജയനും സംഘവുമാണ് വേദിയില്‍ അവതരിപ്പിച്ചത്. കെ.എസ്. ചിത്രയുടെ ഗാനവിരുന്നും നഗരത്തിന് ഹൃദ്യാനുഭവമായി. ഉദ്ഘാടനച്ചടങ്ങിന് മുമ്പേ നിശാഗന്ധി ഓഡിറ്റോറിയം ജനനിബിഡമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തലസ്ഥാനത്തെ ഓണക്കാഴ്ചകള്‍ ആസ്വദിക്കാനത്തെിയവര്‍ കനകക്കുന്നിലേക്ക് എത്തുകയായിരുന്നു. കനക്കക്കുന്നിന്‍െറ പ്രവേശകവാടത്തില്‍ ചെണ്ടമേളത്തിന്‍െറ അകമ്പടിയില്‍ കലാസ്വാദകര്‍ക്ക് ഹൃദ്യമായ സ്വീകരണവും ഒരുക്കിയിരുന്നു. ദീപാലങ്കാരങ്ങള്‍ നിറഞ്ഞ കനകക്കുന്നും പരിസരവും വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന്‍, കെ. മുരളീധരന്‍ എം.എല്‍.എ, ശബരീനാഥന്‍ എം.എല്‍.എ, ജി. കമലവര്‍ധനറാവു, ലീലാമ്മ ഐസക്, പി.ഐ. ഷെയ്ഖ് പരീത് എന്നിവര്‍ സംബന്ധിച്ചു. കെ.എസ്. ചിത്ര, ശ്രീകുമാരന്‍ തമ്പി, മനോജ് ജോര്‍ജ് എന്നിവരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊന്നാട അണിയിച്ചു. മെഗാഷോകള്‍, നാടന്‍ കലാപ്രകടനങ്ങള്‍, നൃത്തങ്ങള്‍, നാടകങ്ങള്‍, കഥകളി, വാദ്യമേളങ്ങള്‍, ആയോധന കലാപ്രകടനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് വരുംദിവസങ്ങളില്‍ വിവിധ വേദികളിലായി അരങ്ങേറുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.