മേനംകുളം ഗ്യാസ് പ്ളാന്‍റ് സമരം ആറാം ദിവസത്തിലേക്ക്

കഴക്കൂട്ടം: മേനംകുളം ഭാരത് പെട്രോളിയം പ്ളാന്‍റിലെ തൊഴിലാളികളുടെയും ലോറി ഡ്രൈവര്‍മാരുടെയും സമരം ആറാം ദിവസത്തിലേക്ക്. ഇതോടെ പാചകവാതക വിതരണം തെക്കന്‍ ജില്ലകളില്‍ ഏറക്കുറെ നിലച്ചു. ഓണക്കാലത്ത് അപ്രതീക്ഷിതമായുണ്ടായ സമരം ഉപഭോക്താക്കളെ ദുരിതത്തിലാക്കിയിട്ടുണ്ട്. നിലവിലുള്ള ബോണസ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തിലാണ് സമരം. 20 ശതമാനം ബോണസാണ് തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഇക്കുറിയിത് വെട്ടിക്കുറച്ച് 16 ശതമാനമാക്കുകയായിരുന്നു. 72 തൊഴിലാളികളും സമരത്തില്‍ ഏര്‍പ്പെട്ടതോടെ പ്ളാന്‍റില്‍ കയറ്റിറക്ക് പൂര്‍ണമായും നിലച്ചു. എന്നാല്‍, കഴിഞ്ഞദിവസം ലോറി ഓണേഴ്സ് യൂനിയന്‍ ഹൈകോടതിയെ സമീപിച്ച് ലോഡ് ഇറക്കുന്നതിനും കയറ്റുന്നതിനും പൊലീസ് സംരക്ഷണം നേടിയിരുന്നു. തിങ്കളാഴ്ച രാവിലെ കഴക്കൂട്ടം പൊലീസ് കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സംരക്ഷണം നല്‍കാന്‍ എത്തിയെങ്കിലും ലോറി ഡ്രൈവര്‍മാരും തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ലോറികള്‍ പ്ളാന്‍റിനകത്ത് പ്രവേശിപ്പിക്കാനായില്ല. ഇതോടെ പൊലീസിന് ഒന്നും ചെയ്യാനാവാതെ മടങ്ങി. കലക്ടര്‍ ചൊവ്വാഴ്ച ചര്‍ച്ചക്ക് വിളിച്ചിട്ടുള്ളതായി സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ചര്‍ച്ചയില്‍ ധാരണ ഉണ്ടായില്ളെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന. ഓണത്തിന് രണ്ട് ദിവസം മാത്രം അവശേഷിക്കവെ സമരം തുടരുന്നത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.