വാമനപുരം യു.പി.എസിന് ഓണസമ്മാനമായി പ്രധാനാധ്യാപകന് ദേശീയ അവാര്‍ഡ്

വെഞ്ഞാറമൂട്: വാമനപുരം ഗവ.യു.പി സ്കൂളിന് ഓണസമ്മാനമായി പ്രധാനാധ്യാപകന്‍ ബി. അശോകിന് ദേശീയ പുരസ്കാരം. സ്കൂളിലെ ഓണാഘോഷത്തിനിടെയാണ് മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് വിവരം അശോക് അറിയുന്നത്. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഇദ്ദേഹത്തിന് 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. അധ്യാപക ദമ്പതികളായ സഹദേവന്‍െറയും വാമനപുരത്തുകാര്‍ ടീച്ചറമ്മ എന്നുവിളിക്കുന്ന വിജയമ്മയുടെയും മകനാണ് അശോക്. 1982ല്‍ കാസര്‍കോട് ഫിഷറീസ് സ്കൂളില്‍ അധ്യാപകനായാണ് ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ശംഖുംമുഖത്തെ സ്കൂളില്‍ സ്ഥിരംനിയമനം ലഭിച്ചു. മാതാവ് വിരമിച്ച ഒഴിവില്‍ വാമനപുരം എല്‍.പി.എസിലത്തെിയ അശോക് സ്കൂളിനെ യു.പിയായി ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 2005ല്‍ നെല്ലനാട് സ്കൂളില്‍ പ്രഥമാധ്യാപകനായി നിയമിതനായി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം വാമനപുരം സ്കൂളില്‍ മടങ്ങിയത്തെുകയായിരുന്നു. 2007 മുതല്‍ ഡി.പി.ഇ.പിയിലെ അധ്യാപക പരിശീലകന്‍, സംസ്ഥാന റിസോഴ്സ് ഗ്രൂപ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എന്‍.സി.ആര്‍.ടി.ഇ സ്കൂള്‍ ലെവല്‍ മോണിറ്ററിങ് ഫോര്‍മാറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചു. പാഠപുസ്തക രൂപവത്കരണത്തില്‍ പങ്കാളിയുമായിരുന്നു. സ്കൂളില്‍ പൂന്തോട്ടം, ബസ്, ഇംഗ്ളീഷ് ക്ളബ്, വാനനിരീക്ഷണത്തിനുവേണ്ടി നിരീക്ഷണ കേന്ദ്രം തുടങ്ങിയവ ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ സജ്ജമാക്കി. പി.ടി.എ സജീവമാക്കിയതിലൂടെ കഴിഞ്ഞ നാലുവര്‍ഷമായി ആറ്റിങ്ങല്‍ സബ്ജില്ലയില്‍ മികച്ച പി.ടി.എക്കുള്ള അംഗീകാരവും വാമനപുരം യു.പി.എസിനാണ്. ആനച്ചല്‍ യു.പി.എസിലെ അധ്യാപിക വി. വിദ്യയാണ് ഭാര്യ. മക്കള്‍: രാം കേശവ്, ഋഷികേശവ്. സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ വാമനപുരത്തത്തെിച്ച നാട്ടുകാരനെ അഭിനന്ദിക്കാനുള്ള തയാറെടുപ്പിലാണ് ഗ്രാമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.