വിഴിഞ്ഞം പദ്ധതി: പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി ജനകീയ മാര്‍ച്ച്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി നടപ്പായാല്‍ ഉണ്ടായേക്കാവുന്ന സാമൂഹിക, സാമ്പത്തിക,പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിളിച്ചോതി പശ്ചിമഘട്ട, തീരദേശ സംരക്ഷണ സമിതി സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ച് നടത്തി. കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (കെ.സി.വൈ.എം) സംസ്ഥാന കോഓഡിനേറ്റര്‍ ഫാദര്‍ ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞംപദ്ധതിക്ക് പിന്നിലെ സാമ്പത്തിക ക്രമക്കേടുകള്‍ കാലം തെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദാനിയെപ്പോലെ ഒരു കോര്‍പറേറ്റിനുവേണ്ടി സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ ബലിയാടാക്കുകയാണ്. അവരുടെ നിലനില്‍പ് അവതാളത്തിലാകുമ്പോഴും വികസനത്തെക്കുറിച്ചാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു കാപട്യമാണ്. ഏറെ കൊട്ടിഗ്ഘോഷിച്ച വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്‍െറ അവസ്ഥ ഉദാഹരണമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരിസ്ഥിതി, സന്നദ്ധസംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച ജാഥയില്‍ ജോണ്‍ പെരുവന്താനം, ആര്‍. അജയന്‍, മാഗ്ളിന്‍ പീറ്റര്‍, സന്തോഷ് കലഞ്ഞൂര്‍, എം.കെ. ദാസന്‍, എസ്. ബാബുജി, ഷാജര്‍ഖാന്‍ എന്നിവര്‍ പങ്കെടുത്തു. സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.